evm

മസുല: ആന്ധ്രാപ്രദേശിലെ മസുലയിൽ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ ഇ.വി.എമ്മിൽ രേഖപ്പെടുത്തിയ 125 വോട്ടുകൾ പോളിംഗ് സ്റ്റാഫ് ഡിലീറ്റ് ചെയ്തതായി പരാതി. മച്ചിലിപ്പട്ടണത്ത് വച്ച് നടന്ന മോക് പോളിൽ രേഖപ്പെടുത്തിയ വോട്ടുകളാണ് ഡിലീറ്റ് ചെയ്തതെന്നും, വോട്ടുകൾ ക്ലിയർ ചെയ്യാൻ മറന്നു പോയെന്നും പറഞ്ഞാണ് രേഖപ്പെടുത്തിയ വോട്ടുകൾ ഉൾപ്പെടെ പോളിംഗ് ഓഫീസർ ഡിലീറ്റ് ചെയ്‌തത്. "ഇ.വി.എം കൃത്യമായിട്ടാണോ പ്രവർത്തിക്കുന്നത് എന്നറിയാനായി മച്ചിലിപ്പട്ടണത്ത് വച്ച് നടത്തിയ മോക് പോളിൽ ഉപയോഗിച്ച ഇ.വി.എം ആയിരുന്നു ഇത്.

എന്നാൽ,​ "മോക് പോളിന് ശേഷം ഇ.വി.എമ്മിൽ രേഖപ്പെടുത്തിയ വോട്ടുകൾ ക്ലിയർ ചെയ്യാൻ മറന്നു. വോട്ടിംഗ് ആരംഭിച്ചതിന് ശേഷമാണ് ഇ.വി.എമ്മിൽ നേരത്തെ രേഖപ്പെടുത്തിയ വോട്ടുകൾ ഉണ്ടെന്ന കാര്യം മനസിലായത്. 125 ഓളം വോട്ടുകളായിരുന്നു ഇ.വി.എമ്മിൽ രേഖപ്പെടുത്തിയിരുന്നത്. അത് നീക്കം ചെയ്യുകയായിരുന്നു”-എന്ന് റിട്ടേണിംഗ് ഓഫീസറായ ജെ. ഉദയഭാസ്‌ക്കർ വിശദീകരണം നൽകി.


തങ്ങൾ ചെയ്ത വോട്ടുകൂടി പോളിംഗ് സ്റ്റാഫ് ഡിലീറ്റ് ചെയ്തുകളഞ്ഞെന്ന പരാതിയുമായി ആളുകൾ എത്തിയതോടെയാണ് സംഭവം വിവാദമായത്. ഇതിന് പിന്നാലെ പുതിയ ഇ.വി.എം എത്തിച്ച് വോട്ടെടുപ്പ് ആരംഭിച്ചു. ആരുടെ വോട്ടും ഡിലീറ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം നൽകിയിട്ടുണ്ടെന്നുമാണ് പോളിംഗ് സ്റ്റാഫ് പറഞ്ഞത്. അതേസമയം തങ്ങളുടെ വോട്ട് ഡിലീറ്റ് ചെയ്യപ്പെട്ടതായി അവർ പറഞ്ഞിരുന്നില്ലെന്നും തങ്ങൾ സംശയമുയർത്തിയതിന് പിന്നാലെയാണ് അക്കാര്യം അവർ സമ്മതിച്ചെന്നും വോട്ടർമാർ പറയുന്നു.