ankita

റോതക്: സോഷ്യൽ മീഡിയക്ക് രണ്ട് വർഷം അവധി കൊടുത്തപ്പോൾ ഹരിയാനയിലെ റോതക് സ്വദേശി അങ്കിത ചൗധരി നേടിയത് സിവിൽ സർവീസിന്റെ മധുരം. റിസൽട്ടു വന്നപ്പോൾ അഖിലേന്ത്യ തലത്തിൽ 14ാം റാങ്കാണ് അങ്കിത സ്വന്തമാക്കിയത്. ഫേസ്ബുക്കിന്റെയും വാട്സാപ്പിന്റെയും ഇൻസ്റ്റാഗ്രാമിന്റെയുമൊക്കെ പ്രലോഭനങ്ങളെ മാറ്റി വച്ചാണ് തിളക്കമാർന്ന വിജയം നേടിയത്. രണ്ടാം വട്ട പരിശ്രമത്തിനൊടുവിലാണ് അങ്കിതയെ തേടി റാങ്കെത്തിയത്.

റോതക്കിലെ ഇൻഡസ് പബ്ലിക് സ്കൂൾ, ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള ഹിന്ദു കോളജ്, ഐ.ഐ.ടി ഡൽഹി എന്നിവിടങ്ങളിലായിരുന്നു അങ്കിതയുടെ പഠനം. റോതക്കിലെ ഒരു പഞ്ചസാര മില്ലിൽ അക്കൗണ്ടന്റ് ആണ് അങ്കിതയുടെ പിതാവ് സത്യവാൻ. അമ്മ നാലു വർഷം മുൻപു വാഹനാപകടത്തിൽ മരണപ്പെട്ടു. സ്കൂൾ കാലഘട്ടം മുതൽ തന്നെ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അങ്കിതയെന്നു പിതാവ് പറയുന്നു. പുസ്തക വായനയും ഡിസ്‌കവറി ചാനൽ കാണലുമാണ് അങ്കിതയുടെ ഇഷ്ട വിനോദങ്ങൾ.