madhuraraja

പോക്കിരി രാജ അവശേഷിപ്പിച്ച അലയൊലികളുടെ തുടർച്ചയായാണ് മെഗാ സ്‌റ്റാർ മമ്മൂട്ടിയുടെ മധുര രാജ റിലീസിനെത്തിയത്. ഇന്ന് റിലീസ് ചെയ്‌ത ചിത്രം മികച്ച പ്രേക്ഷകപ്രതികരണം തന്നെയാണ് നേടുന്നതെന്നാണ് ആദ്യസൂചനകൾ. എന്നാൽ രാജ വെറും സ്ട്രോംഗല്ല...ട്രിപ്പിൾ സ്ട്രോംഗാണ് എന്ന് മമ്മൂക്ക് പറഞ്ഞതു പോലെ ചിത്രത്തിന് മൂന്നാംഭാഗമെന്ന വമ്പൻ സർപ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. സിനിമയുടെ അവസാനമാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.

വൈശാഖ് സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം കേരളത്തിലാകമാനം 261 സ്‌ക്രീനുകളിലാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്. ഉദയകൃഷ്‌ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണം നെൽസൺ ഐപ്പാണ്. മമ്മൂട്ടിയുടെ മാസ് രംഗങ്ങളും തമാശയും നിറഞ്ഞു നിൽക്കുന്ന ആദ്യ പകുതി വേറെ ലെവലാണെന്ന് ആരാധകർ പറയുന്നു.

പുലിമുരുകന്റെ ചരിത്ര വിജയത്തിനു ശേഷമാണ് മധുരരാജയുമായി വൈശാഖ് എത്തുന്നത്. അനുശ്രീ, അന്ന രാജൻ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാർ. ജയ്, നെടുമുടി വേണു, വിജയരാഘവൻ, സലീം കുമാർ, അജു വർഗീസ്, സിദ്ദിഖ്, നരേൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്‌തത് ഛായാഗ്രഹണം ഷാജികുമാറും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു.