crime-

കോതമംഗലം: പകൽ വെളിച്ചത്തിൽ മാന്യൻമാരായി നടന്ന് രാത്രിയിൽ മോഷ്ടിക്കുന്ന യുവാക്കൾ എറണാകുളത്ത് അറസ്റ്റിൽ. വിവിധ മോഷണക്കേസുകളിൽ അന്വേഷണം നടത്തുന്നതിനിടെയാണ് യുവാക്കൾ പൊലീസിന്റെ പിടിയിലായത്. ഇവർ പകൽ മാന്യമായ വേഷത്തിൽ എത്തി സ്ഥലം കണ്ടെത്തി രാത്രിയുടെ മറവിൽ മോഷണം നടത്തിവന്നിരുന്നവരാണെന്ന് പോലീസ് പറഞ്ഞു.

അറസ്റ്റിലായ ഇടുക്കി ജില്ലയിലെ കീരിത്തോട് പകുതിപ്പാലം സ്വദേശികളായ പുത്തൻപുരയിൽ ബിനു എന്ന മോഹൻദാസ് (42), കല്ലുവെട്ടാംകുഴിയിൽ ഷിബു (36)എന്നിവരെയാണ് കോതമംഗലം കോടതി റിമാൻഡ്‌ ചെയ്തത്. തെളിവെടുപ്പിന് ശേഷമാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്.

കഴിഞ്ഞ ശനിയാഴ്ച തൃക്കാരിയൂർ ‘ധനശക്തി ഫിനാൻസ്’ കുത്തിത്തുറന്ന് മോഷ്ടിക്കുന്നതിനിടെ അലാറം മുഴങ്ങി രക്ഷപ്പെടുന്നതിനിടെ പ്രതികൾ ഉപേക്ഷിച്ചുപോയ സാമഗ്രികളാണ് പ്രതികളെ പിടിക്കുന്നതിന് പൊലീസിന് സഹായമായത്. പ്രതികൾ ഉപേക്ഷിക്കപ്പെട്ട ഓക്സിജൻ സിലിണ്ടറുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് മോഷ്ടാക്കളെ എളുപ്പം അറസ്റ്റ് ചെയ്യാൻ വഴിയൊരുക്കിയതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മൊബൈൽ ഫോണിന്റെ ടവർ ലോക്കേഷനും പൊലീസ് പരിശോധിച്ചിരുന്നു. ഇവരുടെ മുഖം മറച്ചതിനാൽ സി.സി.ടി.വി. ദൃശ്യത്തിൽ തിരിച്ചറിയാൻ സാദ്ധ്യമായിരുന്നില്ല.