ജയ്‌പൂർ: ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ക്ഷുഭിതനാവുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. സമ്മർദഘട്ടങ്ങളിലും പൊതുവെ കൂളാണ് ധോണി. എന്നാൽ, ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ കൂളിന് നിയന്ത്രണം വിട്ടു. അമ്പയറുടെ ഒരു തീരുമാനമാണ് ധോണിയെ പ്രകോപിപ്പിച്ചത്. ക്രിക്കറ്റ് നിയമം ലംഘിച്ച് അമ്പയറോട് കയർത്ത ധോണി മൽസര വിലക്കിൽ നിന്നും രക്ഷപ്പെട്ടു. എന്നാൽ, മാച്ച് ഫീസിന്റെ 50 ശതമാനം പിഴ ധോണിക്ക് ചുമത്തിയിട്ടുണ്ട്. മൽസരത്തിന്റെ അവസാന ഓവറിൽ ബെൻ സ്റ്റോക്സിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയ ധോണി, പിന്നീട് ഗ്രൗണ്ടിൽ ഉടലെടുത്ത ആശയക്കുഴപ്പത്തിനിടെയാണ് വീണ്ടും മൈതാനത്തിറങ്ങിയത്.
ചെന്നൈ ഇന്നിംഗ്സിലെ അവസാന ഓവറിൽ ബെൻ സ്റ്റോക്സിന്റെ പന്തിൽ ധോണി പുറത്തായതിനു പിന്നാലെയാണ് നടപടിക്ക് ആധാരമായ സംഭവവികാസങ്ങളുടെ തുടക്കം. ഈ സമയം ക്രീസിൽ രവീന്ദ്ര ജഡേജയും നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ധോണിക്കു പകരമെത്തിയ മിച്ചൽ സാന്റ്നറും. ചെന്നൈയ്ക്കു വിജയത്തിലേക്കു വേണ്ടത് മൂന്നു പന്തിൽ എട്ടു റൺസ്. ഓവറിലെ നാലാം പന്ത് ബെൻ സ്റ്റോക്സ് എറിഞ്ഞതിനു പിന്നാലെ അംപയർ ഉല്ലാസ് ഗാന്ധെ നോബോളാണെന്ന് അടയാളം കാട്ടി. എന്നാൽ ലെഗ് അംപയറുടെ നിർദ്ദേശപ്രകാരം അദ്ദേഹം ഈ തീരുമാനം മാറ്റി.
ഈ പന്തിൽ ജഡേജ–സാന്റ്നർ സഖ്യം ഡബിൾ ഓടിയെടുത്തു. ആദ്യം നോബോളെന്ന് വിളിച്ച തീരുമാനം തിരുത്തിയ അംപയറുടെ നടപടിക്കെതിരെ ക്രീസിൽനിന്ന രവീന്ദ്ര ജഡേജ തർക്കിച്ചു. നോബോൾ തീരുമാനത്തിൽ അംപയർ ഉറച്ചുനിന്നിരുന്നെങ്കിൽ ചെന്നൈയുടെ വിജയലക്ഷ്യം മൂന്നു പന്തിൽ അഞ്ചു റൺസായി കുറയുമായിരുന്നു. മാത്രമല്ല, ഒരു ഫ്രീഹിറ്റും ലഭിക്കുമായിരുന്നു. ജഡേജ പ്രതിഷേധിച്ചതോടെ ഉല്ലാസ് ഗാന്ധെയും ലെഗ് അംപയർ ഓക്സെൻഫോർഡും കൂടിയാലോചിച്ചു. പന്ത് നോബോളല്ലെന്ന തീരുമാനത്തിൽ ഇരുവരും ഉറച്ചുനിന്നു. ഇതോടെ ക്ഷുഭിതനായ ധോണി ഡഗ് ഔട്ടിൽനിന്നും മൈതാനത്തേക്ക് എത്തി. അംപയർ ആദ്യം വിളിച്ച സാഹചര്യത്തിൽ നോബോൾ നൽകണമെന്നായിരുന്നു ആവശ്യം. പക്ഷേ അംപയർ അനുവദിച്ചില്ല. കുറച്ചുനേരം അംപയറിനു നേരെ കൈചൂണ്ടി സംസാരിച്ച ധോണി, ശേഷം ഡഗ് ഔട്ടിലേക്കു മടങ്ങി. അവസാന പന്തിൽ സിക്സ് നേടിയ സാന്റ്നർ ചെന്നൈയ്ക്ക് സീസണിലെ ആറാം ജയം സമ്മാനിക്കുകയും ചെയ്തു.