വാഷിംഗ്ടൺ: ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തെ പിന്തുണച്ച് യു.എസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ രംഗത്തെത്തി. ബഹിരാകാശത്ത് നിന്നുള്ള ഭീഷണിയിൽ ഇന്ത്യക്ക് ഉത്കണ്ഠയുള്ളതിനാലാണ് അത്തരത്തിലൊരു പരീക്ഷണം നടത്തിയതെന്നാണ് മനസ്സിലാകുന്നതെന്ന് യു.എസ് സ്ട്രാറ്റജിക് കമാൻഡർ ജനറൽ ജോൺ ഇ ഹെയ്തൻ പറഞ്ഞു. യു.എസ് സെനറ്റിലെ സൈനിക കമ്മിറ്റി അംഗങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ തകർത്ത ഉപഗ്രഹം 400 കഷണങ്ങളായി ചിതറിത്തെറിച്ചുവെന്നും ഈ അവശിഷ്ടങ്ങൾ രാജ്യാന്തര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികർക്കും അപകടകരമായ സാഹചര്യമാണു സൃഷ്ടിക്കുകയെന്നും നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രൈഡൻസ്‌റ്റൈൻ പറഞ്ഞിരുന്നു. ഇത് പൂർണമായി തളളാതെയായിരുന്നു ഹെയ‌്തൻ പറഞ്ഞത്. അവശിഷ്ടങ്ങൾ സൃഷ്ടിക്കുന്ന കൂടുതൽ പരീക്ഷണങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമിയിൽ നിന്നു 300 കിലോമീറ്റർ മാത്രം അകലെയുളള കൃത്രിമോപഗ്രഹമാണു ഉപഗ്രഹവേധ മിസൈൽ ഉപയോഗിച്ചു ഇന്ത്യ തകർത്തത്.
ബഹിരാകാശത്ത് സ്വയം പ്രതിരോധിക്കാനുള്ള കഴിവ് അവർക്കുണ്ടെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നടത്തിയ പരീക്ഷണത്തെ തുടർന്നുണ്ടായ അവശിഷ്ടങ്ങളെ സംബന്ധിച്ചുള്ള സെനറ്റർമാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബഹിരാകാശ നിലയത്തിൽ നിന്നും ഏറെ താഴെയാണു ഉപഗ്രഹം സ്ഥിതി ചെയ്തിരുന്നതെങ്കിലും ചിതറിയ ഉപഗ്രഹത്തിന്റെ 24 കഷ്ണങ്ങൾ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിലേക്ക് എത്തിയെന്നും പരീക്ഷണം സൃഷ്ടിച്ച മാലിന്യം കൂട്ടിയിടിയുടെ സാധ്യത 44 ശതമാനമാണു വർധിപ്പിച്ചതെന്നും ജിം ബ്രൈഡന്‍സ്‌റ്റൈന്‍ അഭിപ്രായപ്പെട്ടിരുന്നു. ഭാവിയിലെ മനുഷ്യന്റെ ബഹിരാകാശ സഞ്ചാരത്തിനു ഇത്തരം പ്രവൃത്തികൾ ഗുണകരമല്ലെന്നും ഭയാനകരമായ സാഹചര്യമാണു നിലവിൽ ഉളളതെന്നും ജിം ബ്രൈഡൻസ്‌റ്റൈൻ പറഞ്ഞിരുന്നു.
എന്നാൽ, പരീക്ഷണം നടത്തി 45 ദിവസത്തിനുള്ളിൽ എല്ലാ അവശിഷ്ടങ്ങളും അലിഞ്ഞുതീരുമെന്നു ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന സ്ഥാപന (ഡി.ആർ.ഡി.ഒ.) മേധാവി ജി. സതീഷ് റെഡ്ഡി പ്രതികരിച്ചു. ഉപഗ്രഹവേധ മിസൈൽ പരീക്ഷണം മൂലം ഉണ്ടായ ബഹിരാകാശ മാലിന്യങ്ങൾ കത്തിനശിക്കുമെന്ന ഇന്ത്യയുടെ വാദത്തെ പിന്തുണച്ച് പെൻറഗൺ വക്താവ് ചാർലി സമ്മേഴ്സും രംഗത്തു വന്നിരുന്നു.
ബഹിരാകാശത്തെ കിടമത്സരത്തിന്റെറ ലക്ഷണമായി ഇന്ത്യൻ ഉപഗ്രഹവേധ പരീക്ഷണത്തെ കാണണമെന്നായിരുന്നു മാർച്ച് 28ന് യു.എസ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാൻ ആവശ്യപ്പെട്ടത്. ഒരുപാടുകാലം നിൽക്കാതെ മാലിന്യം കത്തിത്തീരുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.