തിരുവനന്തപുരം: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ, തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഉള്ളിൽ നിന്ന് അട്ടിമറിച്ചതാരാണെന്ന് കണ്ടെത്താൻ കെ.പി.സി.സി അന്വേഷണം തുടങ്ങി. ഇതിന് പിറകിലുള്ളവർ എത്ര ഉന്നതനായാലും നടപടി വരുമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകി. മണ്ഡലത്തിലെ രണ്ടു ഡസനോളം പാർട്ടി മണ്ഡലം കമ്മിറ്റികളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളൊന്നും നടക്കാത്തതിനെ തുടർന്ന് സ്ഥാനാർത്ഥിയായ ശശി തരൂർ തന്നെയാണ് കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചത്. പരാതി അന്വേഷിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സ്ഥലത്തുണ്ടായിരുന്നു. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ പാർട്ടിയിൽ ചിലർ നടത്തുന്ന അട്ടിമറി നീക്കം നേതൃത്വത്തെ സ്തബ്ധരാക്കി.
പാറശാല, കോവളം, തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് നിയോജക മണ്ഡലങ്ങളിലാണ് അട്ടിമറി ശ്രമം നടന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. എന്താണ് ഇതിന്റെ പിന്നിലെ യഥാർത്ഥ പ്രശ്നമെന്ന് തങ്ങളന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കെ.പി.സി.സി നേതൃത്വം പറയുന്നു. ഏതായാലും ഗ്രൂപ്പ് പോരല്ല ഇതിന്റെ പിറകിലെന്ന് മനസ്സിലായിട്ടുണ്ട്. ഇരു ഗ്രൂപ്പുമായും ബന്ധമുള്ളവരും ഗ്രൂപ്പുകളൊന്നുമില്ലാത്തവരുമായ ചില പ്രവർത്തകരും മറ്റുചില പ്രമുഖരുമാണ് പ്രവർത്തനത്തിൽ നിന്ന് പൂർണമായും വിട്ടുനിന്നത്. പ്രശ്നം മനസ്സിലായതോടെ നേതാക്കൾ വിളിച്ചിട്ടും ഇവരിൽ പലരും ഫോൺ അറ്രൻഡ് ചെയ്തില്ലെന്നും അത്ര തീവ്രമാണ് പലരുടെയും വിയോജിപ്പെന്നുമാണ് വിലയിരുത്തൽ.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കമ്മിറ്റികളിൽ നിന്നൊഴിവാക്കപ്പെട്ടതാണ് പ്രവർത്തകരിൽ ചിലർ മാറി നിൽക്കാനിടയായതെന്ന് നേതൃത്വത്തിൽ ഒരു വിഭാഗം കരുതുന്നു. അങ്ങനെയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാൻ ഡി.സി.സി നേതൃത്വം എന്തുചെയ്തുവെന്ന് ചോദിക്കുന്നവരുണ്ട്. അതേസമയം പ്രവർത്തകരെ ഫീൽഡിൽ നിന്ന് മാറ്രി നിറുത്താൻ ബോധപൂർവവും സംഘടിതവുമായ ശ്രമം നടന്നിട്ടുണ്ടെന്ന് ആരോപിക്കുന്നവരും ഉണ്ട്.
ഞായറാഴ്ചയോടെ പ്രശ്നം പരിഹരിക്കുമെന്നും പ്രവർത്തകരെ വീണ്ടും സജീവമായി രംഗത്തിറക്കാൻ കഴിയുമെന്നും ഉന്നത നേതാക്കൾ പറഞ്ഞു. ഈ പ്രശ്നങ്ങൾ ഒരിക്കലും ശശിതരൂരിന്റെ വിജയസാദ്ധ്യതയെ ബാധിക്കില്ലെന്നും അവർ പറഞ്ഞു. ചില പ്രാദേശിക പ്രവർത്തകർ ഗൃഹസമ്പർക്കത്തിനിറങ്ങാതായതോടെ തരൂർ തന്നെ സ്വന്തം നിലയ്ക്ക് ഇതിനായുള്ള സംവിധാനം ചെയ്തിട്ടുണ്ട്. അതേസമയം, നേതാക്കൾ സജീവമല്ലെന്ന് കാട്ടി പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടില്ലെന്നും എന്നാൽ, കൂടുതൽ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശശി തരൂർ ഇന്നലെ പറഞ്ഞിരുന്നു.