അമേത്തി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ അമേത്തിയിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിയുടെ അടുത്ത അനുയായി രവിദത്ത് മിശ്ര കോൺഗ്രസിൽ ചേർന്നു. അമേത്തിയിൽ എത്തിയാൽ സ്മൃതി ഇറാനി ഇദ്ദേഹത്തിന്റെ വീട്ടിലാണ് പതിവായി താമിസിക്കാറ്. നേരത്തെ സമാജ്‌വാജി പാർട്ടിയിൽ ഉണ്ടായിരുന്ന ഇദ്ദേഹം ആ സമയത്ത് മന്ത്രിസഭയിൽ അംഗമായിരുന്നു.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനായി രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അമേത്തിയിൽ എത്തിയപ്പോഴാണ് രവിദത്ത് മിശ്ര കോൺഗ്രസിൽ ചേരാനുള്ള സന്നദ്ധത അറിയിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മത്സരിക്കുന്ന മണ്ഡലത്തിലെ ഏറ്റവും അടുത്ത അനുയായി പാർട്ടി വിട്ടത് സ്മൃതി ഇറാനിക്കും ബി.ജെ.പിക്കും കനത്ത തിരിച്ചടിയാണ്.
ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ ഏറ്റവും ശക്തി കേന്ദ്രമായ മണ്ഡലാണ് അമേത്തി. 2014ലും രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച് സ്മൃതി ഇറാനി പരാജയപ്പെട്ടിരുന്നു. അതേസമയം, അമേത്തിയെ കൂടാതെ രാഹുൽ കേരളത്തിലെ വയനാട് മണ്ഡലത്തിലും മത്സരിക്കുന്നുണ്ട്. ആറാം ഘട്ട തിരഞ്ഞെടുപ്പിൽ ഉൾപ്പെടുന്ന അമേത്തിയിൽ മെയ് ആറിനാണ് തിരഞ്ഞെടുപ്പ്.