കൊച്ചി: ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡനക്കേസിലെ പ്രധാന സാക്ഷിയായ സിസ്റ്റർ ലിസി വടക്കേലിന് സുരക്ഷ നൽകാൻ ഉത്തരവ്. കോട്ടയം വിറ്റ്നെസ് പ്രൊട്ടക്ഷൻ അതോറിറ്റിയുടേതാണ് ഉത്തരവ്. സുരക്ഷ ഒരുക്കുന്നതിനായി മൂവാറ്റുപുഴ ഡിവൈ.എസ്.പിക്കാണ് നിർദ്ദേശം നൽകിയത്. വിചാരണ ആരംഭിക്കുമ്പോൾ കോട്ടയത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് നിർദ്ദേശം. ഇതിന് നടപടി സ്വീകരിക്കുന്നതിനായി ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മൂവാറ്റുപുഴ ജ്യോതിഭവനിലാണ് സിസ്റ്റർ ലിസി ഇപ്പോൾ താമസിക്കുന്നത്. തിരിച്ച് വിജയവാഡയിൽ എത്തണമെന്ന് എഫ്.സി.സി. പ്രൊവിൻസ് അധികൃതർ ആവശ്യപ്പെടുകയാണെന്ന് സിസ്റ്റർ ലിസി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇത് വ്യാജപ്രചാരണമാണെന്നായിരുന്നു പ്രൊവിൻഷ്യൽ സൂപ്പീരിയറുടെ നിലപാട്. ഫ്രാങ്കോയ്‌ക്കെതിരേയുള്ള കുറ്റപത്രം പാലാ കോടതിയിൽ കഴിഞ്ഞ ചൊവ്വാഴ്ച അന്വേഷണസംഘം സമർപ്പിച്ചിരുന്നു.