പലരുടെയും ഒരു ദിവസം തുടങ്ങുന്നതു തന്നെ മൊബൈൽ ഫോൺ പരതിക്കൊണ്ടായിരിക്കും. എന്തെങ്കിലും മെസേജ് വന്നിട്ടുണ്ടോ, ആരെങ്കിലും വിളിച്ചിട്ടുണ്ടോ എന്നിങ്ങനെ പോകുന്നു ചിന്തകൾ. വെറുതെയെങ്കിലും ഫോണിൽ കുത്തിയിരുന്നില്ലെങ്കിൽ ഒരു സുഖവും പലർക്കും തോന്നില്ല. മെസേജുകൾ വന്നിട്ടുണ്ടോ എന്ന ആധിയാണ് മനസിൽ. അത്രമാത്രം സ്വാധീനമാണ് സമൂഹ മാദ്ധ്യമങ്ങൾ നമ്മുടെ സ്വഭാവത്തിൽ ചെലുത്തിയിരിക്കുന്നത്. പലരും ഇതിന് അടിമപ്പെട്ട് പോയ അവസ്ഥയിലായിരിക്കും. എങ്ങനെ ഇതിൽ നിന്ന് മുക്തി നേടാം എന്നാലോചിച്ചിരിക്കുകയാണോ നിങ്ങൾ. വഴിയുണ്ട്.
നോ നോട്ടിഫിക്കേഷൻ
ആദ്യമായി ചെയ്യണ്ടത് നോട്ടിഫിക്കേഷനുകൾ ശ്രദ്ധയിൽപ്പെടുന്നത് ഒഴിവാക്കുക എന്നതാണ്. നോട്ടിഫിക്കേഷൻ വരുമ്പോഴൊക്കെ അതെടുത്ത് വായിക്കാൻ തോന്നും അതിനാൽ അനാവശ്യമായ നോട്ടിഫിക്കേഷൻ ഓഫാക്കി വെക്കുക. ഇത് തീർച്ചയായും ഫലപ്രദമാണ്. ഇങ്ങനെ ഒഴിവാക്കുന്നതിലൂടെ നിങ്ങളുടെ ഒരു പാട് സമയം ലാഭിക്കാം. സമയം പരിശോധിക്കുക എത്ര സമയം നിങ്ങൾ ഫോണിൽ സമയം ചെലവഴിക്കുന്നു എന്നറിയുന്നതിനുള്ള ആപ്പുകളുണ്ട്. നിശ്ചിതസമയം സെറ്റ് ചെയ്താൽ ഇവ നിങ്ങളെ വിവരമറിയിക്കും. ഇതിലൂടെ എത്രമാത്രം സമയം നിങ്ങൾ അനാവശ്യമായി ഓരോ ദിവസവും ഫോണിൽ ചെലവിടുന്നുണ്ട് എന്ന് അറിയാൻ കഴിയും. ഇത് മനസിലാക്കി കഴിഞ്ഞാൽ സ്വയം നിയന്ത്രണമാവാം.
ഹോബി തിരിച്ചുപിടിക്കാം
അനാവശ്യമായി ഫോൺ നോക്കി സമയം കളയാതെ നിങ്ങൾ ചെറുപ്പത്തിൽ ഇഷ്ടപ്പെട്ടിരുന്ന ഏതെങ്കിലും ഹോബി തിരിച്ചു പിടിക്കാൻ ശ്രമിക്കുക. തീർച്ചയായും മനസോടെ അങ്ങനെ ഏതെങ്കിലും ഒരിഷ്ടത്തെ വളർത്തിയെടുക്കാൻ ശ്രമിക്കണം. ഇനി ഹോബിയില്ലെങ്കിൽ സ്വയം ചോദിച്ചു നോക്കുക, അങ്ങനെ താത്പര്യമുള്ള ഏതെങ്കിലും ഒരു ഹോബിയിലേർപ്പെടാൻ ശ്രമിക്കുക. എന്തെങ്കിലും പഠിക്കാൻ ശ്രമിക്കുക, പുതിയ ഭാഷ മനസിലാക്കാൻ ശ്രമിക്കുക, ചിത്രകലയോ സംഗീതമോ അങ്ങനെ ഏതെങ്കിലും പുതുതായി പഠിക്കുമ്പോൾ നിങ്ങൾ നിങ്ങളറിയാതെ തന്നെ മാറും.
പ്രിയപ്പെട്ടവരോടൊപ്പം അൽപ്പം സമയം
കൂട്ടുകാർ, വീട്ടുകാർ എന്നിവർക്കൊപ്പം അൽപ്പസമയം ചെലവഴിക്കാൻ ശ്രമിക്കുക. അവരോടൊപ്പം പുറത്തു പോകുക, വിശേഷങ്ങൾ പങ്ക് വയ്ക്കുക. ഇത്തരം പങ്കുവയ്ക്കലുകൾ മനസിന് സന്തോഷം നൽകുന്നതിനോടെപ്പം മറ്റുള്ളവരോട് ഇടപഴകുന്നതിന് നിങ്ങളെ സഹായിക്കും പൊതുവെ മൊബൈലിൽ തല പൂഴ്ത്തിയിരിക്കുന്ന സ്വഭാവക്കാരാണെങ്കിൽ നിങ്ങൾക്ക് നഷ്ടപ്പെടുന്നതെന്തൊക്കെയാണെന്ന് സ്വയം തിരിച്ചറിയുക.
സ്വയം നിയന്ത്രണം
എല്ലാത്തിനുമുപരി സ്വയം നിയന്ത്രണം ഏർപ്പെടുത്താം. സമൂഹ മാദ്ധ്യമങ്ങളിൽ കൂടുതൽ നേരം ചെലവഴിക്കുന്നത് നിങ്ങളുടെ സമയത്തെ അപഹരിക്കും എന്ന ചിന്തയുണ്ടാവണം. കൂടാതെ മറ്റുള്ളവരുടെ പോസ്റ്റുകൾ കാണുമ്പോൾ സ്വയം അപകർഷതാബോധം തോന്നാൻ സാധ്യതയുണ്ട്. സമൂഹ മാദ്ധ്യമങ്ങളിൽ കാണുന്നതല്ല ജീവിതം എന്ന ബോധം തീർച്ചയായും മനസിലുണ്ടാവുക.