ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓഡർ ഓഫ് സെന്റ് ആൻഡ്രു പുരസ്‌കാരം. റഷ്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയാണിത്. ഇന്ത്യ-റഷ്യ ബന്ധം മെച്ചപ്പെടുത്താൻ സ്വീകരിച്ച നടപടിക്കാണ് പുരസ്‌കാരം. റഷ്യൻ പ്രസിഡന്റ് ഒപ്പുവച്ച പുരസ്കാരമാണിത്. റഷ്യ രാജഭരണത്തിന് കീഴിലായിരുന്ന കാലത്ത് 1698-ലാണ് ഈ സിവിലിയൻ പുരസ്കാരം പ്രഖ്യാപിച്ചത്. സോവിയറ്റ് ഭരണകാലത്ത് ഈ പുരസ്കാരം നിരോധിക്കപ്പെട്ടിരുന്നു. എന്നാൽ സോവിയറ്റ് ഭരണത്തിന് ശേഷം ഈ പുരസ്കാരം തിരികെ കൊണ്ടുവരികയായിരുന്നു. ഈ തിരഞ്ഞെടുപ്പ് കാലത്ത് രണ്ടാം തവണയാണ് ഒരു പരമോന്നത പുരസ്കാരം മോദിയെ തേടിയെത്തുന്നത്.
നേരത്തെ യു.എ.ഇയും പ്രധാനമന്ത്രിക്ക് യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സയിദ് മെഡൽ നൽകിയിരുന്നു. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിൻ സയിദ് അൽ നഹ്യാനാണ് അവാർഡ് പ്രഖ്യാപിച്ചത്. രാജാക്കന്മാർ, രാഷ്ട്രത്തലവന്മാർ തുടങ്ങിയവർക്ക് സമ്മാനിക്കുന്ന ബഹുമതിയാണിത്. യു.എ.ഇയുമായുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തിയത് മുൻനിറുത്തിയായിരുന്നു ബഹുമതി. മോദിക്ക് ഇന്ത്യയുമായി ചരിത്രപരവും വിശാലവുമായ തന്ത്രപരമായ ബന്ധമാണ് ഉളളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദം നിലനിറുത്തുന്നതിന് മോദി വഹിച്ച പങ്ക് വലുതാണെന്നും യു.എ.ഇ പ്രസിഡന്റ് പറഞ്ഞിരുന്നു.