കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് നിലവിൽ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ഫലപ്രദമാണെന്നും സംഭവത്തിൽ സി.പി.എം നേതൃത്വത്തിന് പങ്കില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യുവാക്കളുടെ കുടുംബം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
സി.പി.എമ്മിന്റെ ഉന്നതനേതാക്കൾ കേസിൽ ഉൾപ്പെട്ടതായി തെളിവില്ല. പ്രതികളെ പാർട്ടിയോ സർക്കാരോ സഹായിച്ചിട്ടില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും കേസന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സി.പി.എം നേതാവ് വി.പി.പി. മുസ്തഫ നടത്തിയത് രാഷ്ട്രീയ പ്രസംഗം മാത്രമാണ്. പ്രസംഗവും കൊലപാതകവും തമ്മിൽ ബന്ധമില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ജില്ലയിലെ ഉന്നത സി.പി.എം നേതാക്കൾ കൊലപാതകത്തിന് ഗുഢാലോചന നടത്തിയിട്ടുണ്ടെന്ന ഹർജിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് റഫീഖിനെ അന്വേഷണത്തിൽ നിന്ന് മാറ്റിയതായി കൃപേഷിേന്റയും ശരത്ലാലിേന്റയും മാതാപിതാക്കൾ ആരോപിച്ചിരുന്നു. സി.പി.എമ്മിന്റെ വിശ്വസ്തരായ പൊലീസുകാരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ അട്ടിമറിച്ചതായും ഹർജിക്കാർ ആക്ഷേപം ഉന്നയിച്ചിരുന്നു. പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ മാതാപിതാക്കളായ കൃഷ്ണനും ബാലാമണിയും, ശരത് ലാലിന്റെ മാതാപിതാക്കളായ സത്യനാരായണനും ലതയുമാണു സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്.