തിരുവനന്തപുരം: ഇക്കഴിഞ്ഞ ദിവസം രണ്ട് സ്ഥാനാർത്ഥികൾ തമ്മിൽ വഴിയിൽ കണ്ടുമുട്ടി. കണ്ടയുടൻ ഒരാൾ മറ്റേയാൾക്ക് തന്റെ ചിഹ്നമായ താമര നൽകി. എതിർകക്ഷിയും മടിച്ചു നിന്നില്ല ഉടൻ തന്നെ കൈയിലുള്ള ഷാളും കൊടുത്തു. ഇനി സ്ഥാനാർത്ഥികൾ ആരെന്നല്ലേ? എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരും തന്നെ. കഴക്കൂട്ടം മണ്ഡലത്തിലെ ചന്തവിളയിൽ എത്തിയപ്പോഴായിരുന്നു ഇരുവരും കണ്ടുമുട്ടിയത്.
കഴിഞ്ഞദിവസം രാവിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ദിവാകരനും ശശി തരൂരും തമ്മിൽ കണ്ടിരുന്നപ്പോൾ ഇരുവരും ഹസ്‌തദാനം നൽകിയിരുന്നു. ഇതിനു ശേഷം വൈകിട്ടാണ് കുമ്മനവും തരൂരും കണ്ടുമുട്ടിയത്. എന്നാൽ വാഹനങ്ങൾ തമ്മിൽ അകലമുണ്ടായിരുന്നതിനാൽ ഹസ്‌തദാനം നൽകാനായില്ല. തുടർന്നായിരുന്നു പൂവും ഷാളും കൈമാറിയത്. ഇതുകണ്ട അണികളും ചാർജായി. പരസ്‌പരം അഭിവാദ്യം ചെയ്‌ത് ഇരുകൂട്ടരും മുന്നോട്ടു പോയി.