പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്നും മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാർത്ഥി എം.ബി രാജേഷ് എം.പിയുടെ പ്രചരണത്തിനിടെ ഇരുചക്രവാഹനത്തിൽ നിന്നും താഴെ വീണത് കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന മടവാൾ (വാക്കത്തി)ആണെന്ന് പൊലീസ് റിപ്പോർട്ട്. സംഭവത്തിന് പിന്നിൽ ദുരുദ്ദേശ്യമില്ലെന്നും സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എസ്.പിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏപ്രിൽ അഞ്ചിന് രാജേഷിന്റെ പര്യടനം കടമ്പഴിപ്പുറം പഞ്ചായത്തിലെ പുലാപ്പറ്റയ്ക്കു സമീപം ഉമ്മനഴി എത്തിയപ്പോഴാണു വിവാദമായ ആയുധം വീണത്. കൃഷി ജോലി കഴിഞ്ഞ് മടങ്ങവെ റാലിയിൽ ചേർന്ന യുവാവിന്റെതാണ് ആയുധം.
ഒറ്റപ്പാലം നിയോജകമണ്ഡലം പര്യടനത്തിനിടെയാണ് സംഭവം. ഉമ്മനഴിയിൽ നിന്നു മണ്ണാർക്കാട് റോഡിലേക്കു സ്ഥാനാർഥിക്കൊപ്പമുള്ള പര്യടന വാഹനങ്ങൾ തിരിയുന്നതിനിടെ ഒരു ഇരുചക്രവാഹനം ചരിഞ്ഞു. ഇതിലുണ്ടായിരുന്നവരിൽ നിന്നാണ് വാൾ റോഡിലേക്ക് തെറിച്ചുവീണത്. പിന്നാലെയെത്തിയ മറ്റ് വാഹനങ്ങളിലുളളവർ വളഞ്ഞുനിന്ന് ഇതു മറച്ചു.
സ്ഥാനാർഥിയുടെ പര്യടനം മൊബൈലിൽ പകർത്തിയ നാട്ടുകാർക്കെല്ലാം ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ആയുധവുമായി സ്ഥാനാർഥിക്കൊപ്പം സഞ്ചരിച്ചതിൽ അന്വേഷണം വേണമെന്നും എൽ.ഡി.എഫിന് ഉപയോഗിക്കാൻ പറ്റിയ ചിഹ്നമാണ് വടിവാൾ എന്നും യു.ഡി.എഫ് നേതൃത്വം ആരോപിച്ചിരുന്നു. സംഭവത്തെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.
അതേസമയം, വാഴക്കുല വെട്ടി കടയിൽ നൽകി മടങ്ങാൻ നിൽക്കുന്നതിനിടെ റാലിയിൽ ചേരുകയായിരുന്നു യുവാവ്. അയാളുടെ പേരിൽ ക്രിമിനൽ കേസുകളൊന്നുമില്ലെന്നും റിപ്പോർട്ടിലുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഒാഫീസറായ കളക്ടർക്കു റിപ്പോർട്ട് നൽകിയതായി എസ്.പി. പി.എസ്.സാബു പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് ഒാഫീസറുടെ നിർദേശമനുസരിച്ചുളള അന്വേഷണ റിപ്പോർട്ട് രണ്ടു ദിവസത്തിനകം നൽകും. പ്രചാരണത്തിനിടയിൽ ഒരു തരത്തിലുള്ള ആയുധങ്ങളും കൊണ്ടുനടക്കാൻ പാടില്ലെന്നും തിരഞ്ഞെടുപ്പ് ഒാഫിസർ വ്യക്തമാക്കിയിട്ടുണ്ട്.