ആരാധകർക്ക് ആവേശം വാരിവിതറി മെഗാ സ്‌റ്റാർ മമ്മൂട്ടിയുടെ മധുരരാജ റിലീസിനെത്തി കഴിഞ്ഞു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ആദ്യഘട്ടത്തിൽ തന്നെ ലഭിച്ചുകൊണ്ടിരിക്കുന്നത്. പോക്കിരിരാജയിൽ നിന്ന് മധുരരാജയായുള്ള മമ്മൂട്ടിയുടെ വരവ് എല്ലാ അർത്ഥത്തിലും അദ്ദേഹത്തിന്റെ ആരാധകരെ ആവേശത്തിലാഴ്‌ത്തി കഴിഞ്ഞു.
എന്നാൽ ആദ്യഭാഗത്തിലേതുപോലെ പൃഥ്വിരാജ് ചിത്രത്തിൽ ഇല്ല. എന്നാൽ സൂര്യയെ (പോക്കിരിരാജയിലെ പൃഥ്വിയുടെ കഥാപാത്രം) കുറിച്ച് മധുരരാജയിൽ പരാമർശിക്കുന്നുണ്ട്. ഇതിന് രാജ നൽകുന്ന മറുപടി തിയേറ്ററുകളെ ഇളക്കി മറിക്കുകയാണ്. പോക്കിരി സൂര്യ എവിടെ എന്ന ചോദ്യത്തിന് 'അവനൊരു സിനിമ ഡയറക്‌ട് ചെയ്യുവല്ലേ' എന്നാണ് മമ്മൂട്ടി പറയുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്‌ത ലൂസിഫർ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറി കഴിഞ്ഞു. രാജയും അതുതന്നെയാകും ഉദ്ദേശിച്ചതെന്നാണ് ആരാധക പക്ഷം.
വൈശാഖ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കേരളത്തിലാകമാനം 261 സ്‌ക്രീനുകളിലാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണം നെൽസൺ ഐപ്പാണ്. മമ്മൂട്ടിയുടെ മാസ് രംഗങ്ങളും തമാശയും നിറഞ്ഞു നിൽക്കുന്ന ആദ്യ പകുതി വേറെ ലെവലാണെന്ന് ആരാധകർ പറയുന്നു.
പുലിമുരുകന്റെ ചരിത്ര വിജയത്തിനു ശേഷമാണ് മധുരരാജയുമായി വൈശാഖ് എത്തുന്നത്. അനുശ്രീ, അന്ന രാജൻ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാർ. ജയ്, നെടുമുടി വേണു, വിജയരാഘവൻ, സലീം കുമാർ, അജു വർഗീസ്, സിദ്ദിഖ്, നരേൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്തത് ഛായാഗ്രഹണം ഷാജികുമാറും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു.