lakshmi-priya-suresh-gopi

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥിയും നടനുമായ സുരേഷ്‌ഗോപിക്ക് പിന്തുണയുമായി നടി ലക്ഷ്മി പ്രിയ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് സംവിധായകൻ വി.സി അഭിലാഷ് രംഗത്തെത്തി. ഒരാളെ എന്തിനാണ് പാർലമെന്റിലേക്ക് തിരഞ്ഞെടുത്തയക്കുന്നത് എന്നതിനെ കുറിച്ച് ലക്ഷ്മിപ്രിയയെ പോലുള്ളവർ വൈകാരികത മാറ്റി വച്ച് ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട് എന്ന് അഭിലാഷ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എന്റെ സഹപ്രവർത്തകയും ചലച്ചിത്ര അഭിനേത്രിയുമായ ശ്രീമതി ലക്ഷ്മിപ്രിയ ശ്രീ. സുരേഷ് ഗോപിയെ കുറിച്ച് ഫേസ്ബുക്കിൽ എഴുതിയ ഒരു കുറിപ്പ് കണ്ടു. 'രാഷ്ട്രീയക്കാരെ കാണുമ്പോലെ സുരേഷ് ഗോപിയെ കാണരു'തെന്ന് അഭ്യർത്ഥിയ്ക്കുന്ന അവർ സുരേഷ് ഗോപി കാലങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവർത്തികളെ കുറിച്ച് വിശദമായി സ്വാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിയ്ക്കുന്നുണ്ട്. ഒരാളെ എന്തിനാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുത്തയക്കുന്നത് എന്നതിനെ കുറിച്ച് ലക്ഷ്മിപ്രിയയെ പോലുള്ളവർ വൈകാരികത മാറ്റി വച്ച് ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം.

കേവലം അഞ്ച് കോടി രൂപയാണ് ഒരു സാമ്പത്തിക വർഷം ഒരു എം.പിയ്ക്ക് തന്റെ മണ്ഡലത്തിൽ ചെലവിടാനാവുന്ന ഫണ്ട് തുക. അതായത് അഞ്ച് വർഷം കൊണ്ട് ഇരുപത്തിയഞ്ച് കോടി രൂപ. ഇപ്പോൾ നമുക്ക് കിട്ടുന്ന വിവരങ്ങളനുസരിച്ച് പ്രധാനപ്പെട്ട ഒരു സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ചെലവാക്കുന്ന തുകയുടെ അനൗദ്യോഗിക കണക്കുകൾ തെന്നെ ഈ തുകയ്‌ക്കൊപ്പം എത്തുന്നുണ്ട്. ഒരു മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് രാജ്യം ഔദ്യോഗികമായി വഹിക്കുന്ന ചെലവ് വേറെ!

തന്റെ മണ്ഡലത്തിൽ വികസനം കൊണ്ട് വരുന്നതിനോ, കാരുണ്യ പ്രവർത്തികൾ ചെയ്യുന്നതിനോ അല്ല ഒരു വ്യക്തിയെ ഇത്ര മാത്രം പണം ചെലവഴിച്ച് അങ്ങോട്ടേക്ക് അയയ്ക്കുന്നത്. മറിച്ച് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻറെ നിയമ നിർമ്മാണ സഭയിൽ,

ഈ രാജ്യത്തിന്റെ വരുംകാല ഭാഗധേയം പരുവപ്പെടുത്താനുള്ള പരമപ്രധാന സഭയിലെ ആശയ രൂപീകരണ ചർച്ചാവേളകളിലൊക്കെത്തന്നെയും തന്റെ മണ്ഡലത്തിലെ വോട്ടർമാരുടെ ശബ്ദമാവുക എന്നതാണ് അദ്ദേഹത്തിന്റെ അടിസ്ഥാന റോൾ.

അവിടെയാണ് സുരേഷ് ഗോപിയുടെ കാരുണ്യ പ്രവർത്തികൾക്കപ്പുറം അദ്ദഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ആശയങ്ങളെ നമ്മൾ ചോദ്യം ചെയ്യുന്നത്.

മതരാഷ്ട്രീയം വിഭജന രാഷ്ട്രീയമാണ്.ഇപ്പോൾ അദ്ദേഹം അതിന്റെ വക്താവാണ്. അദ്ദേഹം വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രമാണ് കഴിഞ്ഞ അഞ്ച് വർഷം ഈ രാജ്യം നയിച്ചത്. നമ്മൾ തോളിൽ കയ്യിടുന്നവന്റെ മതമേതെന്ന് ചോദിക്കണമെന്നാണ് ആ രാഷ്ട്രീയം നമ്മെ പഠിപ്പിക്കാൻ ശ്രമിച്ചത് നമ്മൾ എന്ത് കഴിയ്ക്കണമെന്നും എന്തുടുക്കണമെന്നുമുള്ള വിഭാഗീയ- സങ്കുചിത രാഷ്ട്ര മീമാംസയുടെ പതാകവാഹകനായാണ് അദ്ദേഹം ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഞാനും സുരേഷ് ഗോപി എന്ന കലാകാരനേയും മനുഷ്യനെയും ഒരുപാട് ഇഷ്ട്ടപ്പെടുന്നയാളാണ്. ഒട്ടേറെ കാരുണ്യ പ്രവർത്തികൾ ചെയ്യുന്ന ആളാണ് സുരേഷ് ഗോപി എന്ന് അദ്ദേഹത്തിനെ മനസിലാക്കിയവർക്കെല്ലാം അറിവുള്ള കാര്യവുമാണ്. എന്നാൽ അദ്ദേഹത്തിലെ കലാകാരനെയും മനുഷ്യ സ്നേഹിയെയും രാഷ്ട്രീയക്കാരനെയും വെവ്വേറെ നമ്മൾ നോക്കി കാണേണ്ടതുണ്ട് എന്ന് ആവർത്തിക്കട്ടെ.