അവസാന പന്തിൽ സിക്സടിച്ച് ചെന്നൈയുടെ ജയം
ധോണി ഐ.പി.എല്ലിൽ നൂറ് ജയം സ്വന്തമാക്കുന്ന ആദ്യ നായകൻ
നോബോളിനെ ചൊല്ലി തർക്കിച്ച് ധോണി ഡഗൗട്ടിൽ നിന്ന് ഗ്രൗണ്ടിലെത്തി
ധോണിക്ക് പിഴയും ശാസനയും വിമർശനവുമായി പ്രമുഖർ
അനിശ്ചിതത്വവും നാടയകീയതയും ഏറെ നിറഞ്ഞതായിരുന്നു ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് രാജസ്ഥാൻ റോയൽസ് പോരാട്ടം. ഭാഗ്യ നിർഭാഗ്യങ്ങൾ മാറിമറിഞ്ഞ മത്സരത്തിന്റെ അവസാന ഓവറിലെ അവസാന പന്തിൽ സാന്റ്നർ നേടിയ സിക്സിലൂടെ ചെന്നൈ സൂപ്പർ കിംഗ്സ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത ഇരുപതോവറിൽ നേടിയത് 7 വിക്കറ്ര് നഷ്ടത്തിൽ 151 റൺസാണ്. മറുപടിക്കിറങ്ങിയ ചെന്നൈ അവസാന പന്തിൽ ലക്ഷ്യത്തിലെത്തി 4 വിക്കറ്രിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു (155/6) .
15/3 എന്ന നിലയിൽ തകർന്നിടത്തു നിന്ന് തകർപ്പൻ അർദ്ധ സെഞ്ച്വറികളുമായി കളം നിറഞ്ഞ ധോണിയും (43 പന്തിൽ 58), അമ്പാട്ടി റായ്ഡുവുമാണ് (47 പന്തിൽ 57) ചെന്നൈയുടെ വിജയശില്പികളായത്. ഇരുവരും 2 വീതം ഫോറും 3 വീതം സിക്സും അടിച്ചു. ധോണിയാണ് കളിയിലെ താരം.
നേരത്തേ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ദീപക് ചഹർ, ശാർദ്ദൂർ താക്കൂർ, രവീന്ദ്ര ജഡേജ എന്നിവർ ചേർന്നാണ് രാജസ്ഥാനെ നിയന്ത്രിച്ചു നിറുത്തിയത്.
ധോണി @ 100
ക്യാപ്ടൻ എന്ന നിലയിൽ ഐ.പി.എല്ലിൽ ധോണിയുടെ നൂറാം വിജയം.
ഐ.പി.എല്ലിൽ നൂറ് ജയം സ്വന്തമാക്കുന്ന ആദ്യ ക്യാപ്ടൻ
ഐ.പി.എല്ലിന്റെ തുടക്കം മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്ടൻ
അവസാന ഓവർ ട്വിസ്റ്രോട് ട്വിസ്റ്ര്
ബെൻ സ്റ്രോക്സ് എറിഞ്ഞ അവസാന ഓവറിൽ 18 റൺസായിരുന്നു ചെന്നൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.
ഔട്ട് സൈഡ് ഓഫ് സ്റ്റമ്പിൽ വന്ന പന്ത് ബാലൻസ് തെറ്രിയെങ്കിലും അതിമനോഹരമായി ജഡേജ സ്ട്രെയിറ്റിലേക്ക് സിക്സ് അടിച്ചു.
രണ്ടാം പന്ത് നോബാൾ. എക്സ്ട്രാ കവറിലേക്ക് അടിച്ച് ജഡേജ സിംഗിളും എടുത്തു.
ഫ്രീഹിറ്ര് ബാളിൽ ധോണിക്ക് 2 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.
മൂന്നാം പന്ത് യോർക്കർ . ധോണി ക്ലീൻ ബൗൾഡ്
പകരം സാന്റ്നർ എത്തി. ചെന്നൈക്ക് ജയിക്കാൻ 3 പന്തിൽ 8 റൺസ്
നിലം തൊടാതെയെത്തിയ പന്തിൽ സാന്റ്നർ രണ്ട് റൺസ് നേടുന്നു. ബൗളിംഗ് എൻഡിലെ അമ്പയർ നോബാളിനായി കൈ ഉയർത്തിയെങ്കിലും ലെംഗ് അമ്പയർ നിരസിക്കിന്നു. തർക്കിച്ചുണ്ട് ഡഗൗട്ടിൽ നിന്ന് ധോണി
ഗ്രൗണ്ടിലേക്ക്. ഗ്രൗണ്ടിൽ നാടകീയ നിമിഷങ്ങൾ.
അഞ്ചാം പന്തിൽ സാന്റനർ രണ്ട് റൺസ് കൂടി നേടി.
ഒരു പന്തിൽ ജയിക്കാൻ നാല് റൺസ്
അവസാന പന്ത് വൈഡ്.
അധികമായി കിട്ടിയപന്ത് ലോംഗ് ഓണിന് മുകളിലൂടെ സിക്സ് പറത്തി സാന്റ്നർ ചെന്നൈക്ക് ജയം സമ്മാനിക്കുന്നു.
ഹോട്ടായി ക്യാപ്ടൻ കൂൾ
ഇതുവരെ കാണാത്ത ധോണിയെയാണ് കഴിഞ്ഞ ദിവസം ജയ്പൂരിൽ കണ്ടത്. ഏത് പ്രതിസന്ധിഘട്ടത്തിലും ശാന്തത കൈവിടാത്ത ക്യാപ്ടൻ കൂളെന്ന വിളിപ്പേരുള്ള ധോണി വ്യാഴാഴ്ച നിയന്ത്രണം വിട്ട് ഗ്രൗണ്ടിൽ എത്തി അമ്പയറോട് കയർത്തു. നിയമം ലംഘിച്ചതിന് മാച്ച് ഫീസിന്റെ 50 ശതമാനം പിഴയും താക്കീതും ധോണിക്ക് ശിക്ഷയായി ലഭിച്ചു. അവസാന ഓവറിലെ നാലാം പന്തിലാണ് ധോണിയുടെ നിയന്ത്രണം വിട്ട സംഭവം ഉണ്ടായത്.
സാന്റ്നർക്ക് നേരെ സ്റ്രോക്ക് എറിഞ്ഞ പന്ത് ഏറെ ഉയരത്തിലായിരുന്നു. ബൗളിംഗ് എൻഡിലുണ്ടായിരുന്ന അമ്പയർ ഉല്ലാസ് ഗാണ്ഡേ നോ ബാൾ വിളിച്ചെങ്കിലും സ്ക്വയർ ലെഗ് അമ്പയർ ബ്രൂസ് ഓക്സെൻ ഫോർഡ് ഇത് നിരസിക്കുകയായിരുന്നു. ചെന്നൈ ബാറ്ര് സ്മാൻമാരായ ജഡേജയും സാന്റ്നർ നോബാളിനായി വാദിച്ചു നോക്കി. ഇതിനിടെ ഡഗൗട്ടിൽ നിന്ന് ധോണി ഗ്രൗണ്ടിലേക്കെത്തി അമ്പയർനാരുമായി തർക്കിക്കുകയായിരുന്നു. രാജസ്ഥാൻ നായകൻ രഹാനെയും ബൗളർ സ്റ്രോക്സും ഉൾപ്പെടെയുള്ളവർ ഇടപെട്ട് ധോണിയെ തണുപ്പിക്കാൻ ശ്രമിച്ചു.
മുൻ താരങ്ങൾ ഉൾപ്പെടെ നിരവധിപേർ ധോണിക്കെതിരെ വിനർശനവുമായെത്തി.