കൊച്ചി: കേന്ദ്രത്തിലും കേരളത്തിലും കർഷകരെ കൊല്ലുന്ന സർക്കാരുകളാണ് ഭരിക്കുന്നതെന്ന് കേരള കോൺഗ്രസ് (ജേക്കബ് ) ലീഡർ അനൂപ് ജേക്കബ് എം.എൽ.എ. അഞ്ച് വർഷക്കാലം കർഷകർക്കായി ഒന്നും ചെയ്യാത്ത നരേന്ദ്ര മോദി ഇപ്പോൾ ആറായിരം രൂപ വച്ച് കർഷകരുടെ അക്കൗണ്ടിൽ ഇട്ട് കൊടുക്കുകയാണ്.
ഇത് തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ലാതെ പിന്നെ എന്താണ്. ആറായിരം രൂപ നൽകുന്നതിന് മുമ്പ് രാജ്യത്ത് എത്ര കർഷകരാണ് അത്മഹത്യ ചെയ്തതെന്ന് ബി.ജെ.പി അന്വേഷിക്കണം. മൊറട്ടോറിയം ഇറക്കാൻ വൈകിപ്പിച്ചാണ് കേരള സർക്കാർ ഇവിടത്തെ കർഷകരെ കടക്കെണിയിലേക്ക് തള്ളിവിട്ടത്. കർഷക പാക്കേജും നടപ്പാക്കിയില്ല. ശബരിമലയും പ്രളയവും മാത്രമല്ല, കേരളത്തിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങളും ഇത്തവണ തിരഞ്ഞെടുപ്പിൽ ചർച്ചയാകും. അനൂപ് ജേക്കബ് കേരളകൗമുദി ഫ്ളാഷിനോട് സംസാരിക്കുന്നു:
രാഹുൽ തരംഗം
രാഹുൽ ഗാന്ധി വയനാട് സ്ഥാനാർത്ഥി ആയതിന് പിന്നാലെ സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂല തരംഗം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം പിറവത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയിരുന്നു. യു.ഡി.എഫിന്റെ യോഗങ്ങളിൽ സാധാരണ ഉണ്ടാകാറുള്ളതിന്റെ ഇരട്ടിയിലധികം യുവാക്കളാണ് അവിടെ എത്തിയിരുന്നത്.
പിറവത്ത് മാത്രമല്ല, കേരളത്തിൽ എല്ലായിടത്തും സമാന അവസ്ഥയാണ്. രാഹുലിന്റെ വരവോടെ യു.ഡി.എഫിനോട് ചേർന്ന് നിൽക്കാൻ യുവാക്കൾ ആഗ്രഹിക്കുന്നു.
അതിന് ഞാൻ പിറവത്ത് സാക്ഷിയായി. വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ ആക്ഷേപിക്കുന്ന ബി.ജെ.പിക്കാർ അവരുടെ ദേശീയ നേതാക്കളുടെ കാര്യം മറന്ന് പോകുകയാണോ എന്ന് സംശയമുണ്ട്.
അല്ലെങ്കിൽ അവർ അങ്ങനെ ചോദിക്കില്ലല്ലോ. ദക്ഷിണേന്ത്യയോട് കേന്ദ്ര സർക്കാർ കാട്ടുന്നത് കടുത്ത വിവേചനമാണ്. ഇത് ചൂണ്ടിക്കാട്ടുകയാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ യു.ഡി.എഫ് ജനങ്ങളോട് പറയുന്നത്.
കേരളത്തിൽ ട്വന്റി 20
കേരളത്തിൽ കോൺഗ്രസ് 20 സീറ്റും നേടും. ഇക്കാര്യത്തിൽ സംശയമില്ല. പത്തോളം സീറ്റ് നേടുമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. ഇവിടെ ബി.ജെ.പി ജയിക്കുമെന്ന് തോന്നുന്നുണ്ടോ? മലയാളികൾ അത്ര മണ്ടന്മാരൊന്നുമല്ല.
വർഗീയത പറഞ്ഞാണ് ബി.ജെ.പി വോട്ട് പിടിക്കുന്നത്. ശബരിമല വിഷയം തിരഞ്ഞെടുപ്പിനായും ഉപയോഗിക്കുന്നു. സുരേഷ് ഗോപിയടക്കമുള്ളവർക്ക് ജയിക്കാൻ ശബരിമല വിഷയം പറയേണ്ടിവരുന്നു.
കേന്ദ്രസർക്കാർ നേട്ടങ്ങൾ പറഞ്ഞ് വോട്ടുപിടിക്കാൻ അവർക്ക് കഴിയില്ല. സിറ്റിംഗ് സീറ്റുകളിൽ യു.ഡി.എഫ് മികച്ച വിജയമായിരിക്കും നേടുക. കേരളത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം.
സീറ്റിന്റെ കാര്യം പിന്നീട്
ഇടുക്കി ലോക്സഭ സീറ്റ് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു.എന്നാൽ, ലഭിച്ചില്ലെന്നുള്ളത് വസ്തുതയാണ്. നിയമസഭയിലേക്ക് പകരം സീറ്റ് ആവശ്യപ്പെടുന്ന കാര്യം പിന്നീട് തീരുമാനിക്കും. ഇപ്പോൾ കുടുംബയോഗങ്ങൾ സംഘടിപ്പിച്ച് യു.ഡി.എഫിന്റെ വിജയത്തിനാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.