pope

വത്തിക്കാൻ സിറ്റി: തെക്കൻ സുഡാനിലെ നേതാക്കളുടെ പാദങ്ങൾ ചുംബിച്ച് ഫ്രാൻസിസ് മാർപാപ്പ. ആഭ്യന്തരയുദ്ധം ഒഴിവാക്കണമെന്നും രാജ്യത്ത് സമാധാനം പുലരാനുള്ള സാഹചര്യമൊരുക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് തെക്കൻ സുഡാൻ പ്രസിഡന്റ് സൽവാ കിർ, പ്രതിപക്ഷ നേതാവ് റീക്ക് മച്ചർ എന്നിവരുടെ പാദങ്ങളിൽ വീണ് മാർപാപ്പ ചുംബിച്ചത്.

അടുത്തമാസത്തോടെ ഐക്യസർക്കാർ രൂപവത്കരിക്കാമെന്ന യുദ്ധവിരാമ ഉടമ്പടിയെ ബഹുമാനിക്കണമെന്നും മാർപാപ്പ നേതാക്കളോട് അഭ്യത്ഥിച്ചു. യുദ്ധവിരാമ ഉടമ്പടിയിൽ നേതാക്കൾ നേരത്തെ ഒപ്പുവച്ചിരുന്നു. ''സമാധാനത്തിൽ കഴിയണമെന്ന് ഒരു സഹോദരനെന്ന നിലയിലാണ് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത്. ഹൃദയം കൊണ്ടാണ് അഭ്യർത്ഥിക്കുന്നത്. നമുക്കൊന്നിച്ച് മുന്നോട്ട് പോകാം. ഒരപാട് പ്രശ്നങ്ങളുണ്ടായേക്കാം. പക്ഷേ അവയ്ക്കൊന്നും നമ്മളെ തോൽപ്പിക്കാൻ കഴിയില്ല." മാർപാപ്പ പറഞ്ഞു. അതേസമയം,​ തങ്ങളുടെ കാലിൽ വീണ് സമാധാനം അഭ്യർത്ഥിക്കുന്ന 82കാരനായ മാർപാപ്പയെ കണ്ട് തെക്കൻ സുഡാൻ നേതാക്കൾ അമ്പരന്നുനിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ ലോകമെമ്പാടും വൈറലായിക്കഴിഞ്ഞു.

ദക്ഷിണ സുഡാനിലെ വിഭാഗീയ പ്രശ്‌നങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് 24 മണിക്കൂർ പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി നേതാക്കളെ വത്തിക്കാനിലെ മാർപാപ്പയുടെ വസതിയിലേക്ക് ക്ഷണിച്ചത്. ഇതിനിടെ നടന്ന യോഗത്തിലാണ് മാർപാപ്പ ഇവരുടെ പാദങ്ങൾ ചുംബിച്ച് അഭ്യർത്ഥന നടത്തിയത്.

 സമാധാനം തേടുന്ന തെക്കൻ സുഡാൻ

2011ലാണ് സുഡാനിൽ നിന്ന് വേർപിരിഞ്ഞ് തെക്കൻ സുഡാൻ രൂപീകൃതമായത്. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായിരുന്നു സുഡാനിൽനിന്നും വേർപ്പെട്ട ഇതിന്റെ തെക്കൻ മേഖലയിൽ ക്രിസ്തുമത വിശ്വാസികളായിരുന്നു ഭൂരിപക്ഷം. സുഡാനിൽനിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ദശാബ്ദങ്ങളായി തെക്കൻ സുഡാൻ മേഖല പ്രക്ഷോഭം നടത്തിയിരുന്നു. രൂപീകൃതമായി രണ്ടുവർഷത്തിനു ശേഷം 2013ൽ ദക്ഷിണ സുഡാനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. 40 ലക്ഷത്തോളം ആളുകൾക്കാണ് അന്ന് ജീവൻ നഷ്ടമായത്. തുടർന്ന് സമാധാന കരാർ ഒപ്പുവെക്കുകയും ഐക്യസർക്കാർ രൂപവത്കരിക്കാൻ തീരുമാനം ആവുകയുമായിരുന്നു.