ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഒഫ് സെന്റ് ആൻഡ്രൂ സമ്മാനിക്കും. ഇന്ത്യയും റഷ്യയും തമ്മിലുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിശിഷ്‌ട സേവനങ്ങളാണ് മോദിയെ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് റഷ്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു. മോദിക്ക് പുരസ്കാരം നൽകാനുള്ള ഉത്തരവിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഒപ്പുവച്ചു.
പഴയ റഷ്യൻ സാമ്രാജ്യത്തിൽ 1698ൽ സ്ഥാപിച്ചതാണ് ഈ പുരസ്‌കാരം.സോവിയറ്റ് ഭരണകാലത്ത് നിരോധിച്ച പുരസ്‌കാരം 1998ലാണ് പുനഃസ്ഥാപിച്ചത്.
മോസ്‌കോയിലെ ക്രെലിൻ കൊട്ടാരത്തിലെ സെന്റ് ആൻഡ്രൂ ഹാളിൽ വച്ചാണ് സാധാരണ പുരസ്‌കാരം സമ്മാനിക്കുന്നത്. രാഷ്‌ട്ര നേതാക്കൾ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖരാണ് പുരസ്കാരം നേടിയിട്ടുള്ളത്.
ഈ മാസം മോദി സ്വീകരിക്കുന്ന രണ്ടാമത്തെ അന്തർദേശീയ പുരസ്കാരമാണിത്. കഴിഞ്ഞ ദിവസം യു.എ.ഇയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ സായിദ് മെഡൽ ലഭിച്ചിരുന്നു.
പ്രധാനമന്ത്രിയായശേഷം മോദിക്ക് ലഭിക്കുന്ന ഏഴാമത്തെ അന്തർദേശീയ പുരസ്‌കാരമാണ് റഷ്യ സമ്മാനിക്കുന്നത്.