babu-paul-

ഭരണനൈപുണ്യം പുലർത്തിയ ഉദ്യോഗസ്ഥനും, മികച്ച വാഗ്മിയും, എഴുത്തുകാരനും, പണ്ഡിതശ്രേഷ്ഠനുമായ ശ്രീ.ഡി.ബാബുപോളിന്റെ വേർപാട് കേരളീയ പൊതുജീവിതത്തിൽ സൃഷ്ടിക്കുന്ന നഷ്ടം വാക്കുകൾക്കതീതമാണ്.

ഭരണസിരാകേന്ദ്രങ്ങളിലെ ഉന്നതപീഠങ്ങളിൽ വിരാജിക്കുന്ന ഒരു ഉദ്യോഗസ്ഥപ്രമുഖൻ തന്റെ ഒൗദ്യോഗികസേവന കാലാവധി കഴിഞ്ഞാൽ, സാധാരണനിലയിൽ അജ്ഞാതവാസത്തിലാവുകയാണ് പതിവ്. ജനങ്ങളുടെ ഓർമ്മയിൽനിന്ന് ആ വ്യക്തി മാഞ്ഞുപോകുന്നതായാണ് നാം കണ്ടിട്ടുള്ളത്. ഇതിനൊരു അപവാദമാണ് ബാബുപോൾ. മൂന്നര ദശാബ്ദത്തിലേറെ ഒൗദ്യോഗികസേവന രംഗത്തായിരിക്കുമ്പോഴും , സേവനത്തിൽനിന്ന് വിടപറഞ്ഞ് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ബാബുപോൾ നമ്മുടെ സാമൂഹികരംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു.

സബ് കളക്ടറിൽ തുടങ്ങി, ചീഫ് സെക്രട്ടറി റാങ്കിൽ അഡിഷണൽ ചീഫ് സെക്രട്ടറിയായി സ്വയം വിരമിക്കുമ്പോഴും, ഓംബുഡ്സ്മാനായപ്പോഴും വിവിധ അധികാര ശ്രേണികളിലാകെ ഭരണപരമായ മികവ് പ്രകടമാക്കുകയും തന്റെ ആത്മാർത്ഥവും സ്നേഹനിർഭരവുമായ സേവനത്തിലൂടെ അദ്ദേഹം നമ്മുടെ സാമൂഹിക, സാംസ്കാരിക ജീവിതത്തിന്റെ അനിഷേധ്യ ഭാഗമായിത്തീരുകയും ചെയ്തു.

സവിശേഷമായ കഴിവുകളുള്ള ഉദ്യോഗസ്ഥ പ്രമുഖൻ എന്നതിലുപരി നേരത്തെ സൂചിപ്പിച്ചതുപോലെ പ്രഗത്ഭനായ പ്രഭാഷകൻ, ഒന്നാംകിട എഴുത്തുകാരൻ, സാംസ്കാരിക പ്രവർത്തകൻ, ആദ്ധ്യാത്മിക മൂല്യങ്ങളുടെ പ്രബോധകൻ - എന്നിങ്ങനെ അന്ത്യനിമിഷം വരെയും അദ്ദേഹം നമ്മുടെ ജീവിതത്തിൽ നിത്യവും നിറഞ്ഞുനിന്നു. സൃഷ്ടിപരവും പ്രത്യാശ നൽകുന്നതുമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും വാക്കുകളും.

കേരളത്തിന്റെ ഭാഗധേയം നിർണയിക്കുന്ന വിവിധമേഖലകളിൽ നിലകൊള്ളുമ്പോഴും അദ്ദേഹം ഓരോരുത്തരോടും സമചിത്തതയോടെ, സമഭാവനയോടെ പെരുമാറി. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടായിരുന്നിട്ടും മറ്റെല്ലാ രാഷ്ട്രീയ വീക്ഷണങ്ങളേയും ആദരവോടെ സ്വീകരിച്ചു. ക്രിസ്തീയ മൂല്യങ്ങളിലും ദർശനങ്ങളിലും അടിയുറച്ചു നിന്നുകൊണ്ടുതന്നെ ഇതര മതങ്ങളോടും അത്യന്തം ഉദാരമായ സഹിഷ്ണുത പ്രകടിപ്പിച്ചു.

ഇതിനൊക്ക ആ മഹാവ്യക്തിത്വത്തെ പ്രാപ്തമാക്കിയത് അഹങ്കാരം തെല്ലുപോലും സ്പർശിക്കാത്ത ലളിതമായ ജീവിതരീതിയായിരുന്നു. അതുകൊണ്ടാണ് ബാബുപോൾ എന്ന ഉദ്യോഗസ്ഥപ്രമുഖൻ അധികാരങ്ങളുടെ ചമയങ്ങളെല്ലാം അഴിച്ചുവച്ച് കേരളീയ സമൂഹത്തിന്റെ ആത്മമിത്രമായി മാറിയത്. എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും അദ്ദേഹം സാമൂഹികമായ ഇടപെടലുകൾ നടത്തി. കേരളത്തിന്റെ ചിന്താധാരയെ സ്വാധീനിച്ചതിനൊപ്പം നർമ്മം തുളുമ്പുന്ന പ്രഭാഷണങ്ങളിലൂടെ സാധാരണക്കാരന്റെ ഹൃദയത്തിലും ഇടംനേടി.

പി.എ.പൗലോസ് മാർ എപ്പിസ്കോപ്പയുടേയും മേരിപോളിന്റെയും മകനായി 1941 ലായിരുന്നു ബാബുപോളിന്റെ ജനനം. ജൂനിയർ എൻജിനീയറായിട്ടാണ് ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് അദ്ധ്യാപകനാവുകയും, അധികം വൈകാതെ സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കളക്ടർ, വിവിധ വകുപ്പുകളുടെ സെക്രട്ടറി, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ എന്നിങ്ങനെ പല പദവികൾ അലങ്കരിച്ചു. ഇടുക്കി പദ്ധതിയുടെ പ്രോജക്ട് കോർഡിനേറ്ററും ഇടുക്കി കളക്ടറായും പ്രവർത്തിച്ച ബാബുപോളിന്റെ ആസൂത്രണമികവും ഇച്ഛാശക്തിയുമാണ് ഇടുക്കി പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായകമായത്. അന്നത്തെ അച്യുതമേനോൻ സർക്കാർ പ്രത്യേക പാരിതോഷികം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതും ബാബുപോളായിരുന്നു. സാംസ്കാരിക സെക്രട്ടറിയെന്ന നിലയിൽ എഴുത്തച്ഛൻ പുരസ്കാരം ,സ്വാതിപുരസ്കാരം എന്നിവ ഏർപ്പെടുത്തിയതടക്കം നിരവധി ഭാവനാസമ്പന്നമായ പരിപാടികൾക്ക് അദ്ദേഹം പ്രാരംഭം കുറിച്ചു.

ബാബുപോൾ രചിച്ച മലയാളത്തിലെ ആദ്യ ബൈബിൾ നിഘണ്ടുവായ വേദശബ്‌ദരത്നാകരം അമൂല്യമായ ഒരു സംഭാവനയാണ് . കേരളസാഹിത്യ അക്കാദമി അവാർഡ് ആ ഗ്രന്ഥത്തിന് ലഭിച്ചിരുന്നു. ഗിരിപർവം,കഥ ഇതുവരെ എന്നിങ്ങനെ ഒൗദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ വിവരിക്കുന്ന സർവീസ് സ്റ്റോറിയും എഴുതി. 35 ഓളം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.

ജീവിതം ചാന്ദ്രമാസം പോലെയാണെന്ന് ബാബുപോൾ എഴുതിയിട്ടുണ്ട്. അമാവാസിയിൽ നിന്ന് പൗർണമിയിലേക്കും തിരികെ അമാവാസിയിലേക്കും , വീണ്ടും പൗർണമിയിലേക്കും അത് സഞ്ചരിക്കും. കൂരിരുട്ടും നറുനിലാവും തിങ്കൾക്കീറിന്റെ പ്രത്യാശാദൂതും അതിന്റെ ഭാഗമാണ്. ഒരിക്കലും ചന്ദ്രൻ ഉദിക്കാത്ത നിശീഥിനികളെക്കുറിച്ചുള്ള തിരിച്ചറിവും പൗർണമി നിത്യമോ അഹങ്കരിക്കാനുള്ളതോ അല്ല എന്ന വിവേകവും അതിന്റെ പാഠങ്ങളാണ്. എന്നാൽ സർവശക്തനാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന് മനസിലാക്കുന്നവർ ഭാഗ്യവാൻമാരാണെന്നും അദ്ദേഹമെഴുതി. ഈശ്വരനിലുള്ള അചഞ്ചലമായ വിശ്വാസമാണ് എന്നും ബാബുപോളിനെ മുന്നോട്ടു നയിച്ചതും ആ ജീവിതത്തെ അർത്ഥപൂർണമാക്കിയതും. സർവചരാചരങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്ന ചിന്ത അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചു.

കേരളകൗമുദിയെ സംബന്ധിച്ചിടത്തോളം ബാബുപോൾ എന്നും ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് ഇടപഴകിയത്. പത്രാധിപരുടെ കാലം മുതൽ തുടങ്ങിയതാണ് ആ ബന്ധം. സ്നേഹത്തിന്റെ ആ നറുനിലാവാണ് ഇപ്പോൾ അസ്തമിക്കുന്നത്. ആ മഹാനുഭാവന്റെ വേർപാടിൽ അഗാധമായി അനുശോചിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും തീരാദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.