ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടർച്ചയായി നുണകൾ മാത്രം പറയുന്ന ആളാണെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അവരെ അയോഗ്യയാക്കണമെന്നും കോൺഗ്രസ്.
വ്യാജ വിദ്യാഭ്യാസരേഖകളും തെറ്റായ സത്യവാങ്മൂലവുമാണ് സ്മൃതി തിരഞ്ഞെടുപ്പ് കമ്മിഷനിൽ സമർപ്പിച്ചതെന്നും കേന്ദ്രമന്ത്രിയെന്ന പദവി അവർ ദുരുപയോഗം ചെയ്യുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
''സ്മൃതി ഇറാനി ബിരുദധാരിയല്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അവർ നേരത്തെ പലതവണ തള്ളിക്കളഞ്ഞതാണ്. എന്നാൽ, താൻ ഡൽഹി സർവകലാശാലയിൽ ഒരു അണ്ടർ ഗ്രാഡ്വേറ്റ് പ്രോഗ്രാമിന് ചേർന്നിരുന്നതായും എന്നാൽ അത് പൂർത്തിയാക്കിയില്ലെന്നും സ്മൃതി തന്നെ കഴിഞ്ഞ ദിവസം സമ്മതിച്ചുകഴിഞ്ഞു. അവർ ഒരു ബിരുദധാരിയല്ല എന്നതല്ല വിഷയം. പക്ഷേ, ഈ വിഷയത്തിൽ തുടർച്ചയായി നുണ പറഞ്ഞു എന്നതാണ് പ്രശ്നം. ഇത്തരത്തിൽ തുടർച്ചയായി നുണ പറയുന്ന വ്യക്തിക്ക് ജനങ്ങൾ തിരഞ്ഞെടുപ്പിൽ മറുപടി നൽകും. " കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പറഞ്ഞു.
അമേത്തി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കൂടിയായ സ്മൃതി ഇറാനി കഴിഞ്ഞ ദിവസമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബിരുദ പഠനം പൂർത്തിയാക്കിയിട്ടില്ലെന്ന് അവർ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ, 2014ൽ നൽകിയ സത്യവാങ്മൂലത്തിൽ ബിരുദധാരിയാണെന്ന് അവർ അവകാശപ്പെട്ടിരുന്നതായാണ് റിപ്പോർട്ടുകൾ.