bar

കോഴിക്കോട്: മലബാർ ഗ്രൂപ്പിന്റെ കോഴിക്കോട് കുറ്റിക്കാട്ടൂരിലെ ആസ്ഥാന മന്ദിരത്തിന് ഫോബ്‌സ് ഇന്ത്യയുടെ ഈവർഷത്തെ ഡിസൈൻ അവാർഡ്. ഏറ്റവും മികച്ച കൊമേഴ്‌സ്യൽ ആർക്കിടെക്‌ചർ വിഭാഗത്തിലുള്ള പ്രത്യേക പരാമർശമാണ് ലഭിച്ചത്. മലബാർ ഗ്രൂപ്പ് ആസ്ഥാന മന്ദിരം ഡിസൈൻ ചെയ്‌ത ആർക്കിടെക്‌ചറൽ സ്ഥാപനമായ സ്‌തപതിയിലെ പ്രിൻസിപ്പൽ ആർക്കിടെക്‌റ്റ് ടോണി ജോസഫ്, മുംബയിൽ നടന്ന ചടങ്ങിൽ സഞ്ജയ് പുരി ആർക്കിടെക്‌റ്രിലെ പ്രിൻസിപ്പൽ ആർക്കിടെക്‌റ്ര് സഞ്ജയ് പുരി, ഒപോലീസ് ആർക്കിടെക്‌റ്രിലെ പ്രിൻസിപ്പൽ ഡിസൈനർ ആർക്കിടെക്‌റ്ര് സൊണാൽ സചേതി എന്നിവരിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചു.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് വെസ്‌റ്ര് ഡെപ്യൂട്ടി റീജിയണൽ ഹെഡ് എം.പി. സുബൈർ ചടങ്ങിൽ സന്നിഹിതനായിരുന്നു. കോഴിക്കോട് കുറ്റിക്കാട്ടൂരിൽ സമുദ്ര നിരപ്പിൽ നിന്ന് 800 അടി ഉയരത്തിൽ 150 ഏക്കറിലേറെ വരുന്ന മൊണ്ടാന എസ്‌റ്രേറ്ര് ടൗൺഷിപ്പിലെ കുന്നിൻ ചെരുവിൽ അതിമനോഹരമായാണ് മലബാർ ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരം നിർമ്മിച്ചിരിക്കുന്നത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, മലബാർ ഡെവലപ്പേഴ്‌സ്, മലബാർ വാച്ചസ്, ഇഹം ഡിജിറ്റൽ തുടങ്ങി ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെയെല്ലാം ആസ്ഥാനമാണിത്.