bjp

സിംല: അച്ഛനും മകനും കോൺഗ്രസിൽ ചേർന്നതോടെ ഹിമാചലിലെ ഊർജ മന്ത്രിയും ബി.ജെ.പി നേതാവുമായ അനിൽ ശർമ്മ മന്ത്രിസ്ഥാനം രാജിവച്ചു. മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്ന അച്ഛൻ സുഖ്‌റാമും മകൻ ആശ്രയ്‌ ശർമ്മയും അടുത്തിടെയാണ് കോൺഗ്രസിൽ ചേർന്നത്. ആശ്രയ്‌ ശർമ്മയെ കോൺഗ്രസ് മാണ്ഡി മണ്ഡലത്തിൽ സ്ഥാനാർത്ഥിയുമാക്കി. ഇതിനെത്തുടർന്ന് പാർട്ടിക്കകത്ത് അനിൽശർമ്മയ്ക്കെതിരെ കടുത്ത സമർദ്ദം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം രാജിവച്ചത്.


മകൻ സ്ഥാനാർത്ഥിയായതിനെതുടർന്ന് മാണ്ഡിയിൽ ബി.ജെ.പിക്ക്‌ വേണ്ടി പ്രചാരണത്തിനിറങ്ങാൻ അനിൽശർമ്മ തയ്യാറായിരുന്നില്ല. ഇതിന്റെ പേരിൽ മുഖ്യമന്ത്രി ജയ്‌റാം താക്കൂർ അനിൽ ശർമ്മയെ വിമർശിച്ചിരുന്നു. പ്രചാരണരംഗത്ത്‌ നിന്ന്‌ വിട്ടുനിൽക്കാനുള്ള അനിലിന്റെ തീരുമാനം ബി.ജെ.പിയിൽ കടുത്ത എതിർപ്പിനും ഇടയാക്കിയിരുന്നു.

മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും എം.എൽ.എ സ്ഥാനമോ പാർട്ടിയംഗത്വമോ അനിൽ ശർമ്മ ഉപേക്ഷിച്ചിട്ടില്ല. സുഖ്‌റാമിനൊപ്പം 2017ലാണ്‌ കോൺഗ്രസ്‌ വിട്ട്‌ അനിൽ ശർമ്മ ബി.ജെ.പിയിലെത്തിയത്‌.