കൊൽക്കത്ത: സുരക്ഷാ സേനകളെ മുൻനിറുത്തി വോട്ടു ചോദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായേയും ആക്ഷേപിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രി ഇനി ഇത്തരം പ്രഹസനങ്ങൾ ആവർത്തിക്കരുത്. ഡാർജിലിംഗിലെ കുർസെയോംഗിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത. സേനയെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന് പരാതി നൽകിയ സേനാംഗങ്ങൾക്ക് മമത പിൻന്തുണയും പ്രഖ്യാപിച്ചു.
എല്ലാ സൈനിക വ്യൂഹങ്ങളെയും തങ്ങൾ ബഹുമാനിക്കുന്നുണ്ടെന്നും അവരെല്ലാം രാജ്യത്തിനായി ഒരുപാടു കാര്യങ്ങൾ ചെയ്‌തിട്ടുണ്ടെന്നും മമത വ്യക്തമാക്കി. എന്നാൽ, സേനയെ മുൻനിറുത്തി വോട്ടു യാചിക്കുന്ന മോദിയുടെ പാത തങ്ങൾ പിന്തുടരില്ല. എല്ലാത്തിനും മുകളിലാണ് സൈന്യം.. മോദിയും ഷായും അലുവാലിയയുമെല്ലാം വരികയും പോവുകയും ചെയ്യും, എന്നാൽ രാജ്യം സംരക്ഷിക്കുന്നവർ എല്ലായ്പ്പോഴും ജീവത്യാഗം നടത്താൻ തയ്യാറാണ്. അതാണ് അവരുടെ പാരമ്പര്യം. അവരെ യാതൊന്നുമായി താരതമ്യപ്പെടുത്തരുതെന്നും രാഷ്ട്രീയവ്യക്തിത്വം അവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്നും മമത പറഞ്ഞു.