കൃഷ്ണഗിരി: കഴിഞ്ഞ അഞ്ചുവർഷമായി മോദിയും അദ്ദേഹത്തിന്റെ 15 സുഹൃത്തുക്കളും ചേർന്നാണ് രാജ്യഭരണം നടത്തുന്നതെന്നും തമിഴ്‌നാട്ടിലെ ജനങ്ങളെ നാഗ്പുരിലെ ആർ.എസ്.എസ് ആസ്ഥാനത്തുനിന്ന് നിയന്ത്രിക്കാൻ അനുവദിക്കില്ലെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.
തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടിലെ ജനങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെറുക്കപ്പെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും താൻ അധികാരത്തിൽ വരികയാണെങ്കിൽ ദാരിദ്ര്യത്തിനെതരിരെ മിന്നലാക്രമണം നടത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അഞ്ച് വർഷത്തെ ഭരണകാലയളവിൽ പതിനഞ്ചുപേർക്ക് വേണ്ടിയാണ് മോദി രാജ്യം ഭരിച്ചിരുന്നത്. അതാരൊക്കെയാണെന്ന് നിങ്ങൾക്ക് നന്നായി അറിയാം. അതിൽപ്പെടുന്നവരായ അനിൽ അംബാനി, മെഹുൽ ചോസ്കി, നീരവ് മോദി എന്നിവർ മോദിയുടെ സുഹൃത്തുക്കളാണ്. രാജ്യത്തെ ബാങ്കുകളിൽനിന്ന് വായ്പയെടുത്തു മുങ്ങിയ ഇവരിലാരും തിരിച്ചുവന്നിട്ടില്ല. ഒരാൾ പോലും ഇന്ത്യയിലെ ജയിലിലുമില്ല. പ്രധാനമന്ത്രി 350000 കോടി നിരവ് മോദിയ്ക്കും 35,000 കോടി മെഹുൽ ചോക്സിയ്ക്കും 10,000 കോടി വിജയ് മല്യയ്ക്കും കൊടുത്തു. രാഹുൽ പറഞ്ഞു.
തമിഴ്നാട്ടിലെ ഭരണപക്ഷത്തെ കണക്കറ്റ് വിമർശിച്ച രാഹുൽ, അടുത്ത മുഖ്യമന്ത്രി സ്റ്റാലിൻ ആയിരിക്കുമെന്നും കേന്ദ്ര തൊഴിൽ പദ്ധതികളിൽ സ്ത്രീ സംവരണം ഉറപ്പാക്കുമെന്നും വ്യക്തമാക്കി.