yogi

അംബികാപ്പൂർ: കോൺഗ്രസ് ദേശവിരുദ്ധരുമായാണ് കൈകോർത്തിരിക്കുന്നതെന്നും കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പത്രിക ഭീകരവാദവും നക്സലിസവും പ്രോത്സാഹിപ്പിക്കുന്നതാണെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഛത്തീസ്ഗഡിലെ അംബികാപ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ സംസാരിക്കുകയായിരുന്നു യോഗി.

ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ നക്സലുകളെ അമർച്ച ചെയ്യാൻ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ബി.ജെ.പി എം.എൽ.എ ഭീമ മാണ്ഡവി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെടാനിടയാക്കിയ ഭീകരാക്രമണം ഉണ്ടായത് അതിന്റെ ഉദാഹരണമാണെന്നും യോഗി കുറ്റപ്പെടുത്തി. നിയമപാലനം എന്താണെന്ന് കാണണമെങ്കിൽ നിങ്ങൾ ഉത്തർപ്രദേശിലേക്ക് വരൂ. ബി.ജെ.പിയായിരുന്നു ഇവിടെ അധികാരത്തിലെങ്കിൽ നക്സലാക്രമണങ്ങളൊന്നുംതന്നെ ഉണ്ടാകില്ലെന്ന് ഉറപ്പാണ്- യോഗി പറഞ്ഞു. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന പല കേന്ദ്രപദ്ധതികളും സംസ്ഥാനത്തിന് കിട്ടാതെ കോൺഗ്രസ് തടഞ്ഞുവെന്നും യോഗി ആരോപിച്ചു.