കൽപ്പറ്റ: കർഷക താത്പര്യങ്ങൾക്ക് എതിരുനിൽക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കൽപ്പറ്റയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കാർഷികപ്രശ്‌നങ്ങൾ കേന്ദ്രസർക്കാരിന് മുമ്പിൽ അവതരിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടു. അടുത്തിടെ കോൺഗ്രസ് അധികാരത്തിലേറിയ മൂന്ന് സംസ്ഥാനങ്ങളിലും കാർഷികകടങ്ങൾ എഴുതിത്തള്ളി. എന്നാൽ അധികാരത്തിലേറി ആയിരം ദിവസം പിന്നിട്ടിട്ടും കടം എഴുതിത്തള്ളാൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടില്ല.
മൊറോട്ടോറിയം കാലാവധി കഴിഞ്ഞാൽ പലിശയും കൂട്ടുപലിശയും ചേർന്ന് വായ്പാത്തുക ഇരട്ടിയാക്കാനേ ഉപകരിക്കൂ. പ്രളയക്കെടുതിയിൽ ലക്ഷക്കണക്കിനാളുകളാണ് സഹായം ലഭിക്കാതെ നിൽക്കുന്നത്. വയനാട്ടിൽ എണ്ണായിരത്തോളം കർഷകർ ജപ്തി ഭീഷണി നേരിടുകയാണ്. ഈ നിമിഷംവരെ വയനാട്ടിലേതടക്കം കർഷകരുടെ പ്രശ്‌നം പ്രധാനമന്ത്രിക്ക് മുമ്പിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ല. രാഹുൽഗാന്ധിയുടെ വയനാട്ടിലെ റോഡ്‌ഷോയിൽ രണ്ട് ലക്ഷം പേർ പങ്കെടുത്തുവെന്ന് പറഞ്ഞത് മാദ്ധ്യമങ്ങൾ തന്നെയാണ്. കർഷകറാലിയെന്ന പേരിൽ സി പി എം നടത്തിയ പരിപാടിയിൽ പങ്കെടുത്തത് കേവലം 2500 പേരാണ്. യു.ഡി.എഫ് നാളികേരമുടച്ചപ്പോൾ ചിരട്ടയുടയ്ക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
ഈ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയാണോ, മോദിയാണോ അധികാരത്തിൽ വരേണ്ടതെന്ന് സി.പി.എം വ്യക്തമാക്കണം. സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കൾ ജനാധിപത്യ മതേതരശക്തികൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പറയുമ്പോൾ കേരളത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.