കോഴിക്കോട് : ആരൊക്കെ തടയാൻ ശ്രമിച്ചാലും ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് ആവർത്തിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. കോഴിക്കോട്ട് നടക്കുന്ന ബി.ജെ.പി വിജയ് സങ്കല്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയമാക്കാതിരിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ ശബരിമല തിരഞ്ഞെടുപ്പ് വിഷയമാകുക തന്നെ ചെയ്യുമെന്ന് ശ്രീധരൻപിള്ള പറഞ്ഞു.
വിജയ് സങ്കല്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം തുടരുകയാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തി. റോഡ് മാർഗമാണ് കോഴിക്കോട്ടെ ബീച്ചിലുള്ള പ്രചാരണവേദിയിലേക്ക് അദ്ദേഹം യാത്രതിരിച്ചു. കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള എൻ.ഡി.എ സ്ഥാനാർത്ഥികളെ വേദിയിൽ അണിനിരത്തിയാണ് മോദിയുടെ പ്രചാരണപരിപാടി.
കർണാടകയിലെ കൊപ്പാളിൽ നിന്നാണ് മോദി കോഴിക്കോട്ടെത്തിയത്. കോഴിക്കോട്ടെ ബീച്ചിൽ തയ്യാറാക്കിയ പ്രചാരണവേദിയിലേക്ക് നിരവധി പ്രവർത്തകർ എത്തിക്കഴിഞ്ഞു. എസ്‍പിജിയുടെ നിയന്ത്രണത്തിലാണ് കോഴിക്കോട്ടെ പ്രചാരണവേദി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യപ്രചാരണ റാലിയാണിത്.
രണ്ടാം വരവിൽ മോദി തിരുവനന്തപുരത്തെ പ്രചാരണപരിപാടിയിലാണ് പങ്കെടുക്കുക. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ഉൾപ്പടെയുള്ള നേതാക്കളും വരും ദിവസങ്ങളിൽ കേരളത്തിലെത്തും.