ന്യൂഡൽഹി: ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന വളർച്ച (ഐ.ഐ.പി) ഫെബ്രുവരിയിൽ 20 മാസത്തെ താഴ്‌ചയായ 0.10 ശതമാനത്തിലേക്ക് ഇടിഞ്ഞു. മാനുഫാക്‌ചറിംഗ് മേഖലയുടെ തളർച്ചയാണ് വലിയ തിരിച്ചടിയായത്. 2018 ഫെബ്രുവരിയിൽ ഐ.ഐ.പി വളർച്ച 6.9 ശതമാനമായിരുന്നു. ഐ.ഐ.പിയിൽ 77.63 ശതമാനം പങ്കും വഹിക്കുന്ന മാനുഫാക്‌ചറിംഗ് രംഗം ഫെബ്രുവരിയിൽ വളർന്നത് 0.3 ശതമാനമാണ്. 2018 ഫെബ്രുവരിയിൽ 8.4 ശതമാനം വളർച്ച കുറിച്ചിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ ഐ.ഐ.പി വളർച്ച നാല് ശതമാനമാണ്. മുൻവർഷത്തെ സമാനകാലയളവിൽ വളർച്ച 4.3 ശതമാനമായിരുന്നു. അതേസമയം, സാമ്പത്തിക ലോകത്തിനും പൊതുജനത്തിനും തിരിച്ചടിയായി കഴിഞ്ഞമാസം റീട്ടെയിൽ നാണയപ്പെരുപ്പം 2.86 ശതമാനമായി ഉയർന്നു. റിസർവ് ബാങ്ക് മുഖ്യപലിശ നിരക്ക് പരിഷ്‌കരണത്തിന് പ്രധാന മാനദണ്ഡമാക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം ഫെബ്രുവരിയിൽ 2.57 ശതമാനമായിരുന്നു. നാണയപ്പെരുപ്പം കുറഞ്ഞത് പരിഗണിച്ച്, കഴിഞ്ഞ രണ്ടു ധനനയ നിർണയ യോഗങ്ങളിലും റിസർവ് ബാങ്ക് പലിശനിരക്ക് കുറച്ചിരുന്നു.