റായ്പുർ: തീവ്രവാദികളും നക്സലുകളും ബി.ജെ.പി ഭരണത്തെ ഭയക്കുന്നെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റായ്പൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഭീകരരും മാവോയിസ്റ്റുകളുമെല്ലാം ബി.ജെ.പി സർക്കാരിനെ ഭയക്കുന്നു. അവർ ബി.ജെ.പി ഭരിക്കുന്ന സ്ഥലങ്ങളിലേക്ക് അവർ അടുക്കുന്നില്ല, കാരണം അവർ ജയിലിലടക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുമെന്ന് ഉറപ്പാണ്. ഇത് കൂടാതെ മൂന്നാമതൊരു കാര്യം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഭരണം തുടങ്ങി ആറ് മാസത്തിനുള്ളിൽ ഛത്തിസ്ഗഢിലെ എല്ലാ സംവിധാനങ്ങളും തകരാറിലായിരിക്കുകയാണ്. 60 വർഷത്തെ ഭരണത്തിലൂടെ കോൺഗ്രസ് സർക്കാർ രാജ്യത്തെ കട്ടുമുടിച്ച് ദാരിദ്ര്യത്തിൽ മുക്കി, ജനങ്ങൾക്കിടയിൽ ജാതി-മതസ്പർദയും-വർഗീയതയും നിറച്ചു. തീവ്രവാദവും നക്സലിസവും വേരുറച്ചതും ഇവരുടെ കാലത്താണ്- യോഗി പറഞ്ഞു. മുസ്ലിംകളെയും മറ്റ് മതസ്ഥരെയും തമ്മിൽ വേർതിരിക്കാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ശ്രമിച്ചെന്നും യോഗി ആരോപിച്ചു.