tcs

 നിക്ഷേപകർക്ക് ₹18 വീതം ലാഭവിഹിതം

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന പാദത്തിൽ (ജനുവരി-മാർച്ച്) 17.70 ശതമാനം വളർച്ചയോടെ 8,126 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2018 ജനുവരി-മാർച്ചിൽ ലാഭം 6,904 കോടി രൂപയായിരുന്നു. നിരീക്ഷകർ പ്രതീക്ഷിച്ച 7,981 കോടി രൂപയേക്കാളും മികച്ച ലാഭക്കൊയ്‌ത്ത് നടത്താൻ കഴിഞ്ഞപാദത്തിൽ ടി.സി.എസിന് സാധിച്ചു.

വിറ്റുവരവ് 32,075 കോടി രൂപയിൽ നിന്ന് 18.5 ശതമാനം വർദ്ധിച്ച് 38,010 കോടി രൂപയിലെത്തി. കഴിഞ്ഞ 15 ത്രൈമാസങ്ങൾക്കിടെ കമ്പനി രേഖപ്പെടുത്തുന്ന ഏറ്രവും ഉയർന്ന വരുമാനമാണിതെന്ന് സി.ഇ.ഒയും മാനേജിംഗ് ഡയറക്‌ടറുമായ രാജേഷ് ഗോപിനാഥൻ പറഞ്ഞു. ഓഹരിയൊന്നിന് 18 രൂപ വീതം ലാഭവിഹിതവും 2018-19 വർഷത്തേക്കായി ടി.സി.എസ് പ്രഖ്യാപിച്ചിട്ടുണ്ട്.