ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും സൈന്യത്തെയും സൈനികരെയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിദ്യാഭാസ രേഖകളിൽ കൃത്രിമം കാട്ടിയെന്നും സത്യവാങ്മൂലത്തിൽ കള്ളത്തരം കാട്ടിയെന്നും സൂചിപ്പിക്കുന്ന രേഖകളും കോൺഗ്രസ് കമ്മിഷന് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌മൃതി ഇറാനിയെ അയോഗ്യയാക്കണമെന്നും ആവശ്യപ്പെട്ടു. പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള വെബ് സീരിസിനെയും പരാമർശിക്കുന്നുണ്ട്.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് പ്രധാനമന്ത്രിയും ഭരണകക്ഷിയുടെ അദ്ധ്യക്ഷനും ഒരു ലജ്ജയുമില്ലാതെ ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സ്‌മൃതി കള്ളം പറയുന്നു
സ്‌മൃതി ഇറാനി തുടർച്ചയായി നുണകൾ മാത്രം പറയുകയാണെന്നും കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുകയാണെന്നും കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പറഞ്ഞു. ''സ്‌മൃതി ഇറാനി ബിരുദധാരിയല്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അവർ പലതവണ തള്ളിയതാണ്. എന്നാൽ താൻ ഡൽഹി സർവകലാശാലയിൽ അണ്ടർ ഗ്രാഡ്വേറ്റ് പ്രോഗ്രാമിന് ചേർന്നിരുന്നതായും അത് പൂർത്തിയാക്കിയില്ലെന്നും സ്‌മൃതി കഴിഞ്ഞ ദിവസം സമ്മതിച്ചു. അവർ ബിരുദധാരിയല്ല എന്നതല്ല, ഇക്കാര്യത്തിൽ നുണ പറഞ്ഞു എന്നതാണ് പ്രശ്നം. അതിന് ജനങ്ങൾ തിരഞ്ഞെടുപ്പിൽ മറുപടി നൽകും. " - പ്രിയങ്ക പറഞ്ഞു.
അമേതിയിൽ രാഹുൽ ഗാന്ധിക്കെതിരായ ബി.ജെ.പി സ്ഥാനാർത്ഥിയായ സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ 2014ൽ നൽകിയ സത്യവാങ്മൂലത്തിൽ ബിരുദധാരിയെന്നാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ.
മോദിയുടെ പ്രസംഗം ചട്ടലംഘനമെന്ന് റിപ്പോർട്ട്
മുംബയ്: പുൽവാമ ഭീകരാക്രമണവും ബാലാക്കോട്ട് സൈനിക നടപടിയും ഉന്നയിച്ച് വോട്ട് തേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി പ്രഥമദൃഷ്ട്യാ മാതൃകാ പെരുമാറ്റചട്ടലംഘനമാണെന്ന് മഹാരാഷ്ട്ര മുഖ്യതിരഞ്ഞെടുപ്പ് ഓഫീർ റിപ്പോർട്ട് നൽകി. ചട്ടലംഘനമെന്ന റിപ്പോർട്ട് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ ശരിവയ്ക്കുകയാണെങ്കിൽ വിശദീകരണം തേടി മോദിക്ക് നോട്ടീസ് അയക്കും.
ബാലാക്കോട്ട് വ്യോമാക്രമണവും പുൽവാമഭീകരാക്രമണവും ഉന്നയിച്ച് വോട്ട് തേടരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിക്കുന്നതരത്തിലാണ് മഹാരാഷ്ട്രയിലെ ലാത്തൂരിൽ റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഏപ്രിൽ 9ന് കന്നിവോട്ടർമാരോട് വോട്ട് അഭ്യർത്ഥന നടത്തിയത്. ബാലാക്കോട്ട് വ്യോമാക്രമണം നടത്തിയ ധീര ജവാന്മാർക്ക് നിങ്ങളുടെ ആദ്യ വോട്ട് നൽകിക്കൂടേ? നിങ്ങളുടെ ആദ്യവോട്ട് പുൽവാമയിൽ ജീവത്യാഗം ചെയ്‌ത ധീര ജവാന്മാരുടെ പേരിലായിക്കൂടേയെന്നുമാണ് മോദി ചോദിച്ചത്. പ്രസംഗത്തിനെതിരെ സി.പി.എമ്മും കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു.