പുൽപ്പള്ളി: കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും കർഷക നയങ്ങളെ കടന്നാക്രമിച്ച് വയനാട്ടിൽ ഇടതുപക്ഷ കർഷക സംഘടനകളുടെ കർഷക പാർലമെന്റും കിസാൻ മാർച്ചും. കോൺഗ്രസിന്റെ നയങ്ങളാണ് ഇന്ത്യയിൽ മുഴുവനായും വയനാട്ടിലും കർഷക ആത്മഹത്യകൾക്ക് കാരണമായതെന്ന് കർഷക പാർലമെന്റ് കുറ്റപ്പെടുത്തി. 'ഞങ്ങൾ പ്രതിരോധിക്കും ഞങ്ങൾ അതിജീവിക്കും" എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു കർഷക റാലി.
കോൺഗ്രസിന്റെ നയങ്ങൾ തന്നെയാണ് ബി.ജെ.പി സർക്കാർ തുടർന്നതെന്നും ബദൽ നടപ്പാക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും കർഷക പാർലമെന്റ് ഉദ്ഘാടനം ചെയ്ത എ.ഐ.കെ.എസ് അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധവ്ളേ പറഞ്ഞു. വോട്ട് ചോദിക്കുന്നതിന് മുമ്പ് ആത്മഹത്യ ചെയ്ത കർഷകരുടെ വീടുകളിൽ പോയി രാഹുൽ ഗാന്ധി മാപ്പ് ചോദിക്കുമോ?.
ഭൂപരിഷ്കരണ നിയമം നടപ്പാക്കാൻ കോൺഗ്രസ് സർക്കാരുകൾ തയ്യാറിയിരുന്നില്ല. നവ ഉദാരവത്കരണ നയം നടപ്പാക്കിയതുകൊണ്ടാണ് രാജ്യത്ത് മൂന്ന് ലക്ഷം കർഷകർ ആത്മഹത്യ ചെയ്യേണ്ടി വന്നത്. 2001 മുതൽ 2006 വരെ യു.ഡി.എഫ് കേരളം ഭരിച്ചപ്പോഴാണ് നൂറുകണക്കിന് കർഷകർ ആത്മഹത്യ ചെയ്യേണ്ടി വന്നത്. തുടർന്നു വന്ന ഇടതു സർക്കാർ കർഷക ആത്മഹത്യ ഇല്ലാതാക്കി. കാർഷിക ബദൽ നയങ്ങളുണ്ടാക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ. കോൺഗ്രസിന്റെ ജനവിരുദ്ധ നയങ്ങളാണ് സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ വളർത്തിയത്. വർഗീയതയ്‌ക്കെതിരെയുള്ള വനിതാ മതിൽ ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം മനസിലാകുന്നില്ലെന്ന് മാദ്ധ്യമപ്രവർത്തകൻ പി.സായ്നാഥ് പറഞ്ഞു. കർഷകർക്ക് അനുകൂലമായ നയം രാജ്യത്ത് രൂപപ്പെടണം. ഐ.എം.എഫും ഡബ്ലിയു.ടി.ഒയും നടപ്പാക്കുന്ന കർഷക വിരുദ്ധ നയങ്ങളാണ് ബി.ജെ.പിയും കോൺഗ്രസും അടിച്ചേൽപ്പിക്കുന്നത്. കുത്തകകൾക്ക് വേണ്ടി പ്രത്യേക പാർലമെന്റ് സമ്മേളനം നടത്താൻ ഇരുവരും തയ്യാറാണ്. എന്നാൽ 2004 മുതൽ വിവിധ കാർഷിക റിപ്പോർട്ടുകൾ പാർലിമെന്റിൽ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നവ ഉദാരവത്കരണ നയം തുടരുമെന്ന് പറയുന്ന കോൺഗ്രസ് ഒരു കർഷക സമരത്തിലും പങ്കെടുത്തിട്ടില്ലെന്ന് എ.ഐ.കെ.എസ് ജോയിന്റ് സെക്രട്ടറി വിജുകൃഷ്ണൻ പറഞ്ഞു. പി.കൃഷ്ണപ്രസാദ് പ്രമയം അവതരിപ്പിച്ചു. സത്യൻ മൊകേരി, ടി..ബി. സുരേഷ്, പി.എസ്. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. സി.പി.ഐ സംസ്ഥന സെക്രട്ടറി കാനം രാജേന്ദ്രൻ, സി.കെ. ശശീന്ദ്രൻ എം.എൽ.എ, പി.ഗഗാറിൻ, ബെന്നി കുറുമ്പാലക്കാട്ടിൽ, എം.എസ്. സുരേഷ്ബാബു, കെ.എ. ആന്റണി മാത്യു തുടങ്ങിയവർ പങ്കെടുത്തു.