കൊല്ലം: മസാല ബോണ്ടിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ വിവരക്കേടാണെന്നും ഇത് മത്തിക്കച്ചവടമല്ലെന്നും മന്ത്രി തോമസ് ഐസക്. കൊല്ലത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെട്രോയ്ക്ക് വേണ്ടി രണ്ട് നിരക്കിൽ വായ്പയെടുത്തതിന്റെ കാരണം ഒരുപക്ഷെ പ്രതിപക്ഷ നേതാവിനറിയില്ലായിരിക്കാം. ഭീമമായ തുക ഒരിക്കലും കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭിക്കില്ല. അതുകൊണ്ടാണ് മെട്രോയ്ക്ക് വേണ്ടി വീണ്ടും വായ്പയെടുത്തത്. ചില്ലറ തുകയല്ല കിഫ്ബിക്ക് വേണ്ടത്. 50,000 കോടിയുടെ വികസനങ്ങളാണ് കിഫ്ബി ഏറ്റെടുത്തിരിക്കുന്നത്. ഇത്രയധികം തുക ഒരു കേന്ദ്രത്തിൽ നിന്നും ലഭിക്കില്ല. മെട്രോയ്ക്ക് വേണ്ടി ആദ്യമെടുത്ത വായ്പയുടെ പലിശനിരക്ക് 1.3 ശതമാനമായിരിക്കും. പക്ഷെ ഡോളറിന്റെ വിനിമയ മൂല്യം മാറുന്നതനുസരിച്ച് തിരിച്ചടയ്ക്കേണ്ട തുക കണക്കാക്കുമ്പോൾ യഥാർത്ഥ പലിശ ആറോ ഏഴോ ശതമാനമായിരിക്കും. മസാല ബോണ്ടിന്റെ പലിശ ഡോളറിന്റെ വിനിമയ നിരക്കിന് ആനുപാതികമായി മാറില്ല. ലാവ്‌ലിൻ കമ്പനിയെ കേരളത്തിൽ ക്ഷണിച്ചുവരുത്തിയത് യു.ഡി.എഫ് സർക്കാരാണ്. സി.വി പത്മരാജൻ മന്ത്രിയായിരിക്കെയാണ് കുറ്റ്യാടി പദ്ധതിക്ക് ലാവ‌്ലിനുമായി കരാറായത്. ജി കാർത്തികേയന്റെ കാലത്ത് പന്നിയാർ,ചെങ്കുളം,പള്ളിവാസൽ,ഇടുക്കി ഉൾപ്പെടെ എല്ലാ ജലവൈദ്യുത പദ്ധതികളുടെയും അറ്റകുറ്റപ്പണിക്ക് എം.ഒ.യു ഒപ്പുവച്ചിരുന്നു. യു.ഡി.എഫ് ചെയ്ത കരാറുകൾ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയെന്നുമാത്രം. അല്ലാതെ പുതിയ കരാറുകളൊന്നും ഒപ്പുവച്ചിട്ടില്ലെന്നും ഐസക് പറഞ്ഞു.