-sabarimala-protest

കൊച്ചി:രശ്‌മിയുടെ മരണം കൊലപാതകമാണെന്ന് പ്രോസിക്യൂഷന് സമർത്ഥിക്കാൻ രശ്‌മിയുടെ മകന്റെ പതിനൊന്നാം വയസിൽ എടുത്ത മൊഴി പര്യാപ്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സാഹചര്യ തെളിവുകളും പ്രോസിക്യൂഷൻ നിരത്തുന്നുണ്ടെങ്കിലും മൂന്നര വയസുകാരന്റെ മൊഴി അക്കാലത്ത് പൊലീസ് രേഖപ്പെടുത്തിയില്ല. എട്ടു വർഷത്തോളം കഴിഞ്ഞാണ് മൊഴിയെടുത്ത് ഒന്നാം സാക്ഷിയാക്കിയത്. ഇക്കാലത്ത് രശ്‌മിയുടെ മാതാപിതാക്കൾക്കൊപ്പമായി​രുന്നു കുട്ടി. കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ചിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. കുട്ടികളുടെ മൊഴി പ്രധാന തെളിവായി സ്വീകരിക്കുമ്പോൾ അതിനു പൂരകങ്ങളായി മറ്റു തെളിവുകളുണ്ടാകണമെന്ന് സുപ്രീം കോടതി വിധിയുണ്ട്. സംഭവം നടന്നപ്പോൾ കുട്ടിയുടെ മൊഴി രേഖപ്പെടുത്താതിരുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണ്. അന്ന് പ്രതികളെന്ന് സംശയിക്കാവുന്നവരെ വിളിച്ചു വരുത്തുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായില്ല. രശ്മിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ഉപയോഗിച്ചെന്ന് പറയുന്ന വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനക്ക് അയയ്ക്കുന്നതുപോലും ഏഴ് വർഷം കഴിഞ്ഞാണ്.

മരണം നടന്നതിന് മുമ്പും ശേഷവും പ്രതികളുടെ പ്രവൃത്തികൾ അടിസ്ഥാനമാക്കി കൊലക്കുറ്റം ചുമത്താനാവില്ല. രശ്മിയുടെ വായിലേക്ക് പ്രതി ബലമായി മദ്യം ഒഴിച്ചു നൽകിയെന്നും ഗാർഹിക പീഡനത്തിന് രശ്‌മി ഇരയായിരുന്നെന്നും പറയുന്നു. ബലപ്രയോഗത്തിലൂടെ മദ്യം കുടിപ്പിച്ചിരുന്നെങ്കിൽ പാടുകളും മുറിവുകളും ഉണ്ടാകുമായിരുന്നു. ഇത്തരം അടയാളങ്ങൾ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല. വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ തെറ്റാണെന്നും സംശയത്തിന്റെ ആനുകൂല്യം നൽകി പ്രതികളെ വെറുതേ വിടുകയാണെന്നും വിധിയിൽ പറയുന്നു.