ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയർവേസ് തിങ്കളാഴ്ച വരെയുള്ള അന്താരാഷ്ട്ര സർവീസുകൾ നിറുത്തിവെച്ചു. സർവീസുകൾ ഗണ്യമായി കുറഞ്ഞതോടെ അന്താരാഷ്ട്ര സർവീസുകൾ നടത്താൻ ജെറ്റ് എയർവേസിന് യോഗ്യതയുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചിരുന്നു. എയർവേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ചു വരികയാണെന്നും അടിയന്തര നടപടികൾ ഉണ്ടാകുമെന്നും വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. അതേസമയം, വിഷയം ചർച്ചചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തരയോഗം വിളിച്ചു. വ്യോമയാന മന്ത്രാലയ ഡയറക്ടർ ജനറൽ, വ്യോമയാന മന്ത്രാലയ സെക്രട്ടറി എന്നിവരെയാണ് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയുമായി യോഗത്തിന് വിളിച്ചത്. ഇന്നലെ വൈകിട്ട് ആറിനായിരുന്നു യോഗം.