വാഷിങ്ടൻ: ചൈനയുടെ സ്വപ്നപദ്ധതിയായ വൺ ബെൽറ്റ്, വൺ റൂട്ട്(ഒരു മേഖല, ഒരു പാത), അനാക്കോണ്ട ഇരയെ വിഴുങ്ങുന്നതുപോലെയൊരു കരാറാണെന്ന് പെന്റഗൺ. ചൈനയുടെ പദ്ധതി വാണിജ്യത്തിൽ ഊന്നിയുള്ളതല്ലെന്നും സൈനിക താത്പര്യങ്ങളെ മുൻനിറുത്തിയുള്ളതാണെന്നും യു.എസ് കോൺഗ്രസിൽ നേവി ഓപ്പറേഷൻസ് ചീഫ് ജോൺ റിച്ചാർഡ്‌സൺ ഹൗസ് ഒഫ് ആംഡ് സർവീസസ് കമ്മിറ്റിയിലെ അംഗങ്ങളോടു പറഞ്ഞു.
ലോകത്തുടനീളം ചൈന നിർമിക്കുന്ന അടിസ്ഥാന സൗകര്യ, റോഡ്-റെയിൽ പദ്ധതികളുടെ മറവിൽ ചൈനയുടെ നാവികസേനയെ വളർത്താനാണു ശ്രമം. ഒരു മേഖല, ഒരു പാത പദ്ധതി, അത് കടന്നുപോകുന്ന രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും അനാക്കോണ്ട ഇരയെ വിഴുങ്ങുന്നതു പോലെ കരാറിൽ ഏർപ്പെടുന്ന രാജ്യങ്ങളെ അത് വിഴുങ്ങുമെന്നും റിച്ചാർഡ്‌സൺ പറഞ്ഞു.
വൺ ബെൽറ്റ് വൺ റൂട്ട്
ചൈനയെ ഏഷ്യയിലേയും യൂറോപ്പിലേയും ബന്ധിപ്പിക്കുന്ന ഷീ ചിൻപിംഗിന്റെ സ്വപ്‌ന പദ്ധതിയാണിത്. ഈ മേഖലകളിലെ രാജ്യങ്ങളിലേക്ക് നേരിട്ട് ചരക്ക് കൈമാറ്റം നടത്തുക വഴി ശതകോടികളുടെ വ്യാപാരമാണ് ചൈന സ്വപ്‌നം കാണുന്നത്. ഇതിനായി മേഖലകൾ ബന്ധിപ്പിച്ചു കൊണ്ട് റോഡ്-റെയിൽ ഗതാഗത ശൃംഖലകൾ സ്ഥാപിക്കും. ഏഷ്യ-യൂറോപ്പ്-ആഫ്രിക്ക ഭൂഖണ്ഡങ്ങളിലായി ആറായിരം കിലോമീറ്റർ ദൈർഘ്യം വരുന്നതാണ് നിർദിഷ്ട പദ്ധതി. പദ്ധതിയുടെ ഭാഗമായുള്ള ചൈന - പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ഉയർത്തുന്ന പരമാധികാര പ്രശ്നങ്ങളെ തുടർന്ന് ഇന്ത്യയ്ക്ക് പദ്ധതിയോട് വിമുഖതയാണുള്ളത്.