modi-at-kozhikkodu

കോഴിക്കോട്: കേരളത്തിലെ ജനങ്ങളുടെ വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ബി.ജെ.പി ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു.കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങൾ അണിനിരന്ന ഇവിടെ എൻ. ഡി. എയുടെ വിജയ് സങ്കല്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസങ്ങളുടെ കാര്യം സുപ്രീം കോടതിയിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തും. ആചാരങ്ങളുടെ കാര്യത്തിൽ കപട ഉദാരവാദികളും എൻ.ജി.ഒകളും അർബൻ നക്‌സലുകളും കേരളീയരുടെ വികാരങ്ങളെ അവഹേളിക്കുകയാണ്. നമ്മുടെ പാരമ്പര്യത്തെ നശിപ്പിക്കാമെന്നാണ് കരുതുന്നതെങ്കിൽ അവർക്ക് തെറ്റി. ബി.ജെ.പി ഉള്ള കാലത്തോളം എൽ. ഡി. എഫിനോ യു.ഡി.എഫിനോ കേരളത്തിലെ ജനങ്ങളുടെ വിശ്വാസങ്ങളെ തകർക്കാനാവില്ല. വിശ്വാസവും മുത്തലാഖും പോലുള്ള വിഷയങ്ങൾ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്‌ ഇരു മുന്നണികളും. ഈ നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ ഇല്ലാതാക്കാൻ വിദേശ ശക്തികൾ പരമാവധി ശ്രമിച്ചു. അവരതിൽ വിജയിച്ചില്ല. ഇപ്പോൾ ചിലർ സുപ്രീം കോടതി വിധിയുടെ പേരുപറഞ്ഞ് നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ തകർക്കുകയാണ്.

കേരളത്തിലെ ജനങ്ങളെ അങ്ങേയറ്റം നിരാശപ്പെടുത്തിയ മുന്നണികളാണ് എൽ. ഡി.എഫും യു.ഡി.എഫും. പേരിൽ മാത്രമാണ് വ്യത്യാസം. തിരഞെഞെടുപ്പ് ജയം ഇരുമുന്നണികൾക്കും അഴിമതി നടത്താനുള്ള ലൈസൻസായിരിക്കും. 2016 മുതൽ അഴിമതിയുടെയും പിൻവാതിൽ നിയമനങ്ങളുടെയും പേരിൽ എത്ര മന്ത്രിമാർ കേരളത്തിൽ രാജിവച്ചു. വ്യവസായ വികസനത്തിൽ ഒരു കാഴ്ചപ്പാടും ഇല്ലാത്ത മുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നത്. മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്ടറിയുടെ കാര്യം നമുക്കറിയാം. ഭൂമികൈയേറ്റത്തിന് നേതൃത്വം കൊടുക്കുന്നവരാണ് ഇരു മുന്നണികളും. ബി.ജെ.പി മുന്നോട്ടുവയ്‌ക്കുന്നത് ജനാധിപത്യത്തിനായുള്ള ബദൽ രാഷ്ട്രീയമാണ്.

സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും നാടായ കേരളം കമ്മ്യൂണിസ്റ്റുകാരിൽ നിന്ന് വലിയ ഭീഷണി നേരിടുന്നു. കൊലപാതകങ്ങളുടെ രാഷ്ട്രീയമാണ് അവർ നടപ്പാക്കുന്നത്. ജനങ്ങളെ സേവിച്ചതിനാണ് ദേശാഭിമാനികളായ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ ഇവിടെ കൊലചെയ്യപ്പെട്ടത്. ത്രിപുരയിൽ ഭരണ പരാജയം മൂടിവയ്‌ക്കാൻ അക്രമം അഴിച്ചുവിട്ടവരെ ജനങ്ങൾ പുറത്താക്കി. അതുതന്നെ കേരളത്തിലും സംഭവിക്കും. കമ്മ്യൂണിസ്റ്റുകാർക്കും കോൺഗ്രസുകാർക്കും സ്ത്രീകളുടെ അവകാശത്തിന്റെ വിഷയം വരുമ്പോൾ ഇരട്ടത്താപ്പാണ്. മുത്തലാഖിനെ ന്യായീകരിക്കുകയാണ് ഇവർ ചെയ്യുന്നത്. ഐസ്‌ക്രീം പാർലർ കേസ്, സോളാർ കേസ് തുടങ്ങിയ ചരിത്രമുള്ളവരാണ് സ്ത്രീ ശാക്തീകരണം പറയുന്നത്.

പ്രതിപക്ഷത്തിന് ദേശീയ സുരക്ഷയെക്കുറിച്ച് ഒരു ആശങ്കയുമില്ല. കോൺഗ്രസിന്റെ ഭരണകാലത്ത് ഭീകരതയ്‌ക്കെതിരെ ഒന്നും ചെയ്തില്ല. എന്നാൽ നമ്മുടെ സൈന്യം ഭീകരരുടെ വീട്ടിൽ കയറി അവരെ തകർത്തു. അതിനെ പിന്തുണയ്ക്കുന്നതിനു പകരം പ്രതിപക്ഷവും സഖ്യകക്ഷികളും സൈന്യത്തെ ചോദ്യംചെയ്യുന്നു.

കേരളത്തിലും വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഇലക്ട്രോണിക് വിസ അടക്കം വിനോദ സഞ്ചാര മേഖലയിൽ വലിയ കുതിപ്പുണ്ടാക്കി. തീവ്രവാദം ജനങ്ങളെ വിഭജിക്കുന്നു. വിനോദസഞ്ചാരം ജനങ്ങളെ ഒരുമിപ്പിക്കുന്നു.

നിങ്ങളുടെ സന്തോഷമാണ് എന്റെ സന്തോഷം. എപ്പോഴൊക്കെ നിങ്ങൾ വിഷമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇറാക്കിൽ കുടുങ്ങിയ മലയാളി നേഴ്‌സുമാർ സുരക്ഷിതമായി തിരിച്ചെത്തി. മലയാളിയായ ഫാദർ ടോം നാട്ടിൽ തിരിച്ചെത്തി. സുഡാനിലും യമനിലും ലിബിയയിലും അകപ്പെട്ടവർ തിരിച്ചെത്തി. ഇതെല്ലാം ഈ സർക്കാരാണ് സാദ്ധ്യമാക്കിയത്. അപ്പോൾ അവരുടെ കുടുംബാംഗങ്ങളുടെ മുഖത്തു കണ്ട സന്തോഷം എനിക്കൊരിക്കലും മറക്കാനാകില്ല - മോദി പറഞ്ഞു.

വി.മുരളീധരൻ എം.പിയാണ് മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.