കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിച്ച് എൻ.ഡി.എ സംഘടിപ്പിച്ച വിജയ് സങ്കല്പ് റാലി പതിനായിരങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് വൻ വിജയമായി. അലതല്ലുന്ന ആവേശത്തിലായിരുന്നു ഇന്നലെ കോഴിക്കോട്. ചൂട് വകവയ്ക്കാതെ ഉച്ച മുതൽ പ്രവർത്തകർ കോഴിക്കോട്ട് കടപ്പുറത്തേക്ക് ഒഴുകി.
മോദി മുദ്ര പതിപ്പിച്ച ടീഷർട്ടും, ബാഡ്ജും, ബാനറുമേന്തി യുവാക്കളാണ് സമ്മേളന നഗരിയിൽ താരമായത്. വ്യത്യസ്ത രീതിയിലുള്ള മുദ്രാവാക്യങ്ങളും ആവേശമായി. ഛത്രപതി ശിവജിയുടെ ചിത്രം ആലേഖനം ചെയ്ത കാവിക്കൊടി തരംഗമായി. പ്രവർത്തകർ കൂറ്റൻ കൊടികൾ ഉയർത്തിയും വീശിയുമാണ് മോദിയെ സ്വീകരിക്കാനെത്തിയത്.
ജനാവലിയുടെ കുത്തൊഴുക്കിൽ നഗരം നിശ്ചലമായി. പാതയോരങ്ങളിലും കെട്ടിടങ്ങൾക്ക് മുകളിലും ജനം നിറഞ്ഞു. പൊതുയോഗം തുടങ്ങുമ്പോഴേക്കും കടപ്പുറം നിറഞ്ഞ് കവിഞ്ഞു. നേതാക്കൾ സംസാരിക്കുമ്പോഴും ആളുകൾ പ്രകടനമായി എത്തിക്കൊണ്ടിരുന്നു.
വൈകിട്ട് ആറരയോടെ പ്രധാനമന്ത്രി കരിപ്പൂർ വിമാനത്താവളത്തിലും ഏഴരയോടെ കടപ്പുറത്തെ വേദിയിലുമെത്തി. ഇതോടെ ആവേശം വാനോളമായി. കാതടപ്പിക്കുന്ന മുദ്രാവാക്യം വിളികളോടെ പ്രധാനമന്ത്രിക്ക് വരവേൽപ്പ്. തുടർന്ന് ഉദ്ഘാടന പ്രസംഗം. ഇടത് വലത് മുന്നണികളെ കണക്കിന് വിമർശിക്കുമ്പോൾ കൈയടിച്ചും വിസിൽ മുഴക്കിയും പ്രവർത്തകർ ആവേശംകൊണ്ടു. പ്രസംഗത്തിന് ഇടവേളകൾ നൽകി പ്രവർത്തകരുടെ ആവേശം വർദ്ധിപ്പിക്കാനും പ്രധാനമന്ത്രി മറന്നില്ല.
കാസർകോട് മുതൽ പാലക്കാട് വരെയുള്ള എൻ.ഡി.എ സ്ഥാനാർത്ഥികൾ വേദിയിൽ അണിനിരന്നു. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കാന്മാർക്ക് പുറമേ ഘടകകക്ഷി നേതാക്കളും വേദിയിലെത്തി.
വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ബീച്ചിൽ ഒരുക്കിയിരുന്നത്. പത്ത് എസ്.പിമാർ, അഞ്ച് അഡിഷണൽ എസ്‌പിമാർ, 30 ഡി.വൈ.എസ്.പിമാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ടായിരം പൊലീസുകാരെ വിന്യസിച്ചിരുന്നു.