ലണ്ടൻ:യൂറോപ്പ ലീഗ് ക്വാർട്ടർ ആദ്യപാദ പോരാട്ടത്തിൽ ഇംഗ്ലീഷ് ക്ലബുകളായ ആഴ്സനലും ചെൽസിയും ജയം നേടി. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇറ്റാലിയൻ വമ്പൻമാരായ നാപ്പൊളിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഴ്സനൽ തകർത്തത്. ആരോൺ റാംസെയാണ് ആഴ്സനലിന്റെ ആദ്യ ഗോൾ നേടിയത്. നാപ്പൊളിയുടെ പ്രതിരോധ ഭടൻ കൗലിബാലിയുടെ വകയായി സെൽഫ്ഗോളും ആഴ്സനലിന്റെ അക്കൗണ്ടിൽ എത്തി. കഴിഞ്ഞ സെമി ഫൈനലിസ്റ്റുകളായ ആഴ്സനൽ ബാൾപൊസഷനിലും പാസിംഗിലും നാപ്പൊളിയെക്കാൾ പിന്നിലായിരുന്നെങ്കിലും അവസരങ്ങൾ ഉണ്ടാക്കിയെടുത്ത് ലക്ഷ്യത്തിലേക്ക് ഷോട്ടുകൾ ഉതിർക്കുന്നതിൽ മുന്നിലായിരുന്നു.
14-ാം മിനിറ്റിൽ തന്നെ റാംസെ ആതിഥേയർക്ക് ലീഡ് നേടിക്കൊടുത്തു. മെയിറ്റ് ലാൻഡ് നെയിൽസിന്റെ പാസ് മികച്ച ഫിനിഷിലൂടെ റാംസെ ഗോളാക്കി മാറ്റുകയായിരുന്നു. തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന റാംസെയെ യുവന്റസിന് കൈമാറാനുള്ള നീക്കം ഉപേക്ഷിച്ച് അദ്ദേഹത്തെ ടീമിൽ നിലനിറുത്താൻ നടപടികൾ സ്വീകരിക്കണമെന്ന് ആഴ്സനൽ ആരാധകർ മുറവിളി ഉയർത്തി തുടങ്ങി.
25-ാം മിനിറ്റിൽ കൗലിബാലിയുടെ സെൽഫ്ഗോളിൽ നിന്ന് ആഴ്സനൽ ലീഡുയർത്തുകയായിരുന്നു. ആഴ്സനലിന്റെ ഉറുഗ്വെ താരം ലൂക്കസ് ടൊറെയ്റയുടെ ഷോട്ടാണ് കൗലിബാലിയുെട കാലിൽ തട്ടി സെൽഫ് ഗോളായത്. രണ്ടാം പകുതിയിൽ ആഴ്സനലിന്റെ മെയിറ്റ് ലാൻഡ് നെയിൽസിന്റെ ഗോളെന്നുറച്ച ശ്രമത്തിന് നാപ്പൊളി ഗോളി അലക്സ് മെറെറ്ര് വിലങ്ങ് തടിയായി.
ചെക്ക് ക്ലബ് സ്ലാവിയ പ്രാഹയ്ക്കെതിരെ കളി തീരാറാകവെ നേടിയ ഗോളിലാണ് ചെൽസി ജയം നേടിയത്. സ്ലാവിയ പ്രാഹയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ 86-ാം മിനിറ്റിൽ മാർകോസ് അലോൺസോയാണ് ചെൽസിയുടെ വിജയ ഗോൾ നേടിയത്.മറ്റ് മത്സരങ്ങളിൽ വലൻസിയ 3-1ന് വിയ്യാറയലിനെയും ബെൻഫിക്ക 4-2ന് എയിൻട്രാക്റ്റിനെയും കീഴടക്കി.