തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള വോട്ടുപിടുത്തവും കമന്റുകളും സൂക്ഷ്മ നിരീക്ഷണത്തിൽ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശമനുസരിച്ച് രൂപീകരിച്ച മീഡിയാ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സംസ്ഥാന-ജില്ലാതല കമ്മിറ്റികളാണ് നിരീക്ഷണം നടത്തുന്നത്. ഫേസ്ബുക്ക്, ട്വിറ്റർ, വാട്‌സ്‌ആപ്പ്, വെബ്‌സൈറ്റുകൾ, എസ്.എം.എസുകൾ തുടങ്ങിയവയെല്ലാം നിരീക്ഷണത്തിന് വിധേയമായിരിക്കും. സോഷ്യൽ മീഡിയയിൽ സ്ഥാനാർത്ഥികളെ വ്യക്തിഹത്യ നടത്തുന്ന പരാമർശങ്ങളും പ്രയോഗങ്ങളും സഭ്യമല്ലാത്ത രീതിയിലുള്ള കമന്റുകളും അസത്യ പ്രചാരണവും പാടില്ല. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും.
വ്യാജ അക്കൗണ്ടുണ്ടാക്കി പ്രചാരണം നടത്താൻ പാടില്ല. റേഡിയോ, ടിവി, മറ്റ് ഇലക്‌ട്രോണിക് മാദ്ധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ വഴിയും പരസ്യം നൽകുന്നതിന് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതി വാങ്ങണം. ഇതിനായി നിശ്ചിത ഫോമിൽ അപേക്ഷിക്കണം. ഫോം ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ മാദ്ധ്യമ നിരീക്ഷണ സെല്ലിൽ ലഭിക്കും. പരസ്യത്തിന്റെ ഇലക്‌ട്രോണിക് പതിപ്പിന്റെ രണ്ട് കോപ്പിയും സാക്ഷ്യപ്പെടുത്തിയ ട്രാൻസ്ക്രിപ്ടും അപേക്ഷയോടൊപ്പം നൽകണം. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് ചെലവഴിക്കുന്ന തുകയ്ക്ക് കൃത്യമായ കണക്ക് സൂക്ഷിക്കുകയും തിരഞ്ഞെടുപ്പ് ചെലവിന്റെ കണക്കിൽ ഉൾപ്പെടുത്തി നല്‍കുകയും വേണം.
വെബ്‌സൈറ്റിലൂടെ പ്രചാരണം നടത്തുന്ന സ്ഥാനാർത്ഥികൾ ഡൊമൈൻ രജിസ്‌ട്രേഷൻ, വെബ് ഹോസ്റ്റിംഗ്, വെബ് ഡിസൈനിംഗ്, മെയിന്റനന്‍സ് എന്നീ ചെലവുകളും കമ്മീഷന് സമർപ്പിക്കണം. ഗ്രൂപ്പ് എസ്.എം.എസ്. ഉപയോഗിക്കുന്നതിനുള്ള ചെലവുകളുടെ കണക്കും കമ്മീഷന് നല്‍കണം. പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള എസ്.എം.എസുകൾ അയയ്ക്കാൻ പാടില്ല. പോളിംഗ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ രാഷ്ട്രീയ സ്വഭാവമുള്ള ബൾക്ക് എസ്.എം.എസുകൾക്ക് നിരോധനമുണ്ട്.