india

മുംബയ്: മഹാരാഷ്ട്രയിലെ ബീഡ് ഗ്രാമത്തിലെ സ്ത്രീകളിൽ അധികവും ഇപ്പോൾ ഗർഭപാത്രമില്ലാത്തവരാണ്. ജോലിയും ഗർഭവും തമ്മിൽ എന്താണ് ബന്ധം എന്നല്ലേ.. കാരണം ഉണ്ട്. ജീവിക്കാനായി വിവിധ തൊഴിലുകളിൽ ഏർപ്പെടുന്നവരാണ് ഇവിടത്തെ സ്ത്രീകൾ. ഇതിൽ ഭൂരിഭാഗം പേരും കരിമ്പ് വെട്ടുന്ന തൊഴിലാണ് ചെയ്യുന്നത്.

മാസമുറയുള്ള സ്ത്രീകളെ ജോലി ചെയ്യാൻ കൊള്ളില്ലെന്നാണ് ഇവിടത്തെ കോൺട്രാക്ടർമാരുടെ പക്ഷം. കൂടാതെ മാസമുറയുള്ള സമയങ്ങളിൽ വിശ്രമിക്കുന്ന സ്ത്രീകളിൽ നിന്ന് ഇവർ പിഴ ഈടാക്കുമെന്ന കർശന നിലപാട് എടുത്തതോടെയാണ് ഗർഭപാത്രം നീക്കം ചെയ്യുന്ന തീരുമാനത്തിലേക്ക് ഇവർ എത്തിച്ചേരുന്നത്. 25വയസുള്ള യുവതികൾ ഉൾപ്പെടെയുള്ളവരാണ് നിലവിൽ ശസ്ത്രക്രിയക്ക് നിർബന്ധിതരാവുന്നത്. മേൽനോട്ടക്കാരുടെ നിർബന്ധിത തൊഴിലെടപ്പിക്കലിനെ തുടർന്ന് ബീഡ് ഗ്രാമത്തിൽ 50ശതമാനത്തോളം സ്ത്രീകളും ഇപ്പോൾ ഗർഭപാത്രമില്ലാത്തവരായി മാറിയിരിക്കുകയാണ്.

ഒരു ടൺ കരിമ്പ് വെട്ടിയാൽ 250രൂപയാണ് വേതനമായി ലഭിക്കുക. ഇത്തരത്തിൽ തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് ഉപയോഗിക്കാൻ ഒരു ശുചിമുറി പോലും കോൺട്രാക്ടർമാർ ഒരുക്കി കൊടുക്കാറില്ല. ഭാര്യയും ഭർത്താവുമുള്ള ഒരു കുടുംബത്തെ ഒരു യൂണിറ്റായാണ് തൊഴിലുടമകൾ പരിഗണിക്കുന്നത്. ജോലിക്കിടെ ഇടവേളയെടുത്താൽ 500രൂപ വരെയാണ് പിഴ ഈടാക്കുന്നത്. മാസമുറയുള്ള സ്ത്രീകൾ വിശ്രമം എടുക്കേണ്ടി വന്നാലും ഈ പിഴ തുടരും. ഇത് ഒഴിവാക്കാനാണ് ഇവർ ഗർഭപാത്രം ഒഴിവാക്കുന്നത്.

എന്നാൽ ഗർഭപാത്രം നീക്കം ചെയ്യാൻ തങ്ങൾ നിർബന്ധിക്കാറില്ലെന്നും അത് കുടുംബങ്ങൾ സ്വയം തീരുമാനിക്കുന്നതെന്നുമാണ് കോൺട്രാക്ടർമാർ പറയുന്നത്. അതേസമയം,​ ചില കോൺട്രാക്ടർമാർ ശസ്ത്രക്രിയക്കായി മുൻകൂർ പണം നൽകാറുണ്ടെന്നും പിന്നീട് ശമ്പളത്തിൽ നിന്ന് ഈടാക്കാറാണ് പതിവെന്നും സ്ത്രീകൾ വ്യക്തമാക്കി.

പരമാവധി മൂന്ന് കുട്ടികൾക്ക് വരെ ജന്മം നൽകിയ ശേഷം ഇവർ ഗർഭപാത്രം നീക്കം ചെയ്യാറാണ് പതിവ്. ഒരു നേരത്തെ അന്നത്തിന് വേണ്ടി ഇത്തരത്തിൽ പണിയെടുക്കുന്ന സ്ത്രീകളെ കുറിച്ചോ അവരുടെ ആരോഗ്യത്തെ കുറിച്ചോ ആരും ചിന്തിക്കുന്നില്ല എന്നതാണ് വാസ്തവം. കരിമ്പ് വെട്ടി ഉപജീവനം നടത്തുന്ന ഇവർ സീസൺ അടുക്കുന്നതോടെ കരിമ്പ് ധാരാളമായി കൃഷിചെയ്യുന്ന പ്രദേശത്തേക്ക് ചേക്കേറുകയാണ് പതിവ്. കോൺട്രാക്ടർമാരുടെ നിർബന്ധത്തെ തുടർന്ന് ഇവർക്കിടയിൽ ഗർഭപാത്രം നീക്കം ചെയ്യുന്നത് ഇപ്പോൾ ഒരു ആചാരമായി മാറിയിരിക്കുകയാണ്.