ipl

കൊൽക്കത്ത: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് 7 വിക്കറ്രിന് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്സിനെ കീഴടക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഡൽഹി 18.5 ഓവറിൽ 3 വിക്കറ്ര് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു ( 180/3 ). 63 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന ശിഖർധവാനാണ് ഡൽഹിയുടെ വിജയ ശില്പി. 31 പന്തിൽ 46 റൺസെടുത്ത റിഷഭ് പന്തും നിർണായക സംഭാവന നൽകി. പ്രിഥ്വി ഷായും (7 പന്തിൽ 14),ക്യാപ്ടൻ ശ്രേയസ് അയ്യരും (6) പുറത്തായ ശേഷം 57/2 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച ധവാനും പന്തും ഡൽഹിയുടെ രക്ഷകരാവുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റിൽ 105 റൺസ് കൂട്ടിച്ചേർത്തു. പതിനെട്ടാമത്തെ ഓവറിലെ ഒന്നാം പന്തിൽ പന്തിനെ കുൽദീപിന്റെ കൈയിൽ എത്തിച്ച് റാണയാണ് 162ൽ വച്ച് കൂട്ടുകെട്ട് പൊളിച്ചത്. തടർന്നെത്തിയ കോളിൻ ഇൻഗ്രാം ഒന്ന് വീതം സിക്സും ഫോറും അടക്കം 6 പന്തിൽ 14 റൺസെടുത്ത് ഡൽഹിയെ ധവാനൊപ്പം വിജയതീരത്തെത്തിച്ചു. ഫോമിലേക്ക് മടങ്ങിയെത്തിയ ധവാന്റെ ബാറ്റിൽ നിന്ന് 11 സിക്സുകളും 2 ഫോറുകളും അതിർത്തിയിലേക്ക് പാഞ്ഞു.

നേരത്തേ അർദ്ധ സെഞ്ച്വറി നേടിയ ശുഭ് മാൻ ഗില്ലും (39 പന്തിൽ 65), വെടിക്കെട്ട് ബാറ്റിംഗുമായി ആന്ദ്രേ റസ്സലുമാണ് (21 പന്തിൽ 45) കൊൽക്കത്തയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

പതിവിൽ നിന്ന് വ്യത്യസ്തമായി ഡെൻലിയും (0) ഗില്ലുമാണ് കൊൽക്കത്തുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ഡെൻലിയെ ക്ലീൻബൗൾഡാക്കി ഇശാന്ത് ശർമ്മ ഡൽഹിക്ക് ബ്രേക്ക് ത്രൂ നൽകി. തുടർന്നെത്തിയ റോബിൻ ഉത്തപ്പ (28) ഗില്ലിനൊപ്പം കൊൽക്കത്തയെ 50 കടത്തി. ഉത്തപ്പയെ പന്തിന്റെ കൈയിൽ ഒതുക്കി റബാഡയാണ് കൂട്ടുകെട്ട് തകർത്തത്. നിതീഷ് റാണ് 11 റൺസെടുത്ത് മോറിസിന്റെ പന്തിൽ ക്ലീൻബൗൾഡായി.

39 പന്തിൽ നിന്ന് 7 ഫോറും 2 സിക്സും ഉൾപ്പെടെ തകർപ്പൻ അർദ്ധ സെഞ്ച്വറി ഇന്നിംഗ്സ് പടുത്തുയർത്തിയ ഗില്ലിനെ പോൾ അക്സർ പട്ടേലിന്റെ കൈയിൽ എത്തിക്കുകയായിരുന്നു.ഗിൽ മടങ്ങിയിട്ടും ഒരറ്റത്ത് പിടിച്ച് നിന്ന റസ്സൽ വെടിക്കെട്ട് ഫോം തുടരുകയായിരുന്നു. 3 ഫോറും 4 സിക്സും റസ്സലിന്റെ ബാറ്റിൽ നിന്ന് പറന്നു. ഡൽഹിക്കായി മോറിസും പോളും റബാഡയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.