തിരുവനന്തപുരം: നമ്മുടെ നഗരത്തിലേക്ക് നിത്യേന പറന്നിറങ്ങുന്നത് ദശലക്ഷക്കണക്കിന് രൂപയുടെ കള്ളക്കടത്ത് സ്വർണമാണ്. സ്വർണവില ഉയരുകയും വിവാഹ സീസണാവുകയും ചെയ്തതോടെ സ്വർണക്കടത്ത് മാഫിയ വീണ്ടും സജീവമായിരിക്കുകയാണ്. നെടുമ്പാശേരിക്കും കരിപ്പൂരിനുമൊപ്പം തിരുവനന്തപുരം വിമാനത്താവളവും സ്വർണക്കടത്തുകാരുടെ ഇഷ്ടതാവളമാണ്. അഞ്ചരക്കിലോ സ്വർണം കടത്തിയ എയർഇന്ത്യാ സാറ്റ്സ് ജീവനക്കാരൻ വ്യാഴാഴ്ച പിടിയിലായതോടെ വിമാനത്താവളത്തിലെ ഗ്രൗണ്ട്ഹാൻഡ്ലിംഗ് വിഭാഗത്തിലടക്കമുള്ളവർക്ക് സ്വർണക്കടത്തുകാരുമായുള്ള ബന്ധം വെളിവായിട്ടുണ്ട്.
ആറുമാസത്തിനിടെ 15.794കോടി വിലമതിക്കുന്ന 6625പവൻ സ്വർണമാണ് തിരുവനന്തപുരത്ത് കസ്റ്റംസ് മാത്രം പിടികൂടിയത്. ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസും കാര്യമായ സ്വർണവേട്ട നടത്തിയിട്ടുണ്ട്. സ്വർണക്കടത്ത് ഇടയ്ക്കിടെ പിടികൂടുന്നുണ്ടെങ്കിലും കള്ളക്കടത്ത് മാഫിയയെ അമർച്ച ചെയ്യാനാവുന്നില്ല. പിടിയിലാവുന്നതെല്ലാം കടത്തുകാർ (കാരിയർമാർ) മാത്രമാണ്. സ്വർണം ഏറ്റുവാങ്ങാനെത്തുന്നവർക്കും കടത്തുകാർക്കുമെല്ലാം കോഡുകളാണ്. ആർക്കും പരസ്പരം അറിവുണ്ടാവില്ല. അതിനാൽ ഒരു കേസിൽ പോലും അന്വേഷണം യഥാർത്ഥ പ്രതികളിലെത്തില്ല. ഗൾഫിൽ നിന്നുള്ള സ്വർണക്കടത്തുകാർക്ക്, സ്വർണവിൽപ്പനക്കാർ മുൻകൂറായി വിദേശകറൻസി നൽകുന്നുണ്ടെന്ന് കസ്റ്റംസ് പറയുന്നു. അനധികൃത വിദേശകറൻസി ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പിന്റെയും ഡി.ആർ.ഐയുടെയും അന്വേഷണവുമുണ്ട്. എന്നിട്ടും സ്വർണക്കടത്തിന് തടയിടാനാവുന്നില്ല.
ഗൾഫിലും മലേഷ്യയിലെയുമൊക്കെ സ്വർണവിലയും നാട്ടിലെ വിലയുമായി കിലോയ്ക്ക് മൂന്നുലക്ഷത്തിന്റെ വ്യത്യാസമുണ്ട്. സ്വർണാഭരണങ്ങൾ നിർമ്മിക്കുന്ന വൻകിടക്കാർക്കു വേണ്ടിയാണ് വിദേശത്തുനിന്ന് സ്വർണം കടത്തുന്നത്. നൂറുതവണ കടത്തുമ്പോഴാണ് ഒരു തവണയെങ്കിലും പിടിയിലാവുന്നത് എന്നത് കൂട്ടിച്ചേർത്ത് വായിക്കുമ്പോഴാണ് സ്വർണക്കടത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് മനസിലാവുക. ഏറ്റവും വലിയ സ്വർണക്കമ്പോളമായ കേരളത്തിൽ വിവാഹ സീസൺ തുടങ്ങിയതോടെയാണ് സ്വർണക്കടത്തിന്റെ വ്യാപ്തി കൂടിയത്.
വിദേശത്തെ വിലവ്യത്യാസവും ഇവിടെ നികുതിവെട്ടിക്കുന്നതുമടക്കം 15ശതമാനം വരെ ലാഭമാണ് സ്വർണക്കടത്തുകാരുടെ കീശയിലെത്തുക. വിമാനക്കമ്പനികളിലെയും വിമാനത്താവളത്തിലെ ജീവനക്കാരുടെയും ഒത്താശയോടെയാണ് സ്വർണക്കടത്ത്. വിമാനത്തിനുള്ളിലെ ടോയ്ലെറ്റുകളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ബക്കറ്റിലുമൊക്കെ ഉപേക്ഷിക്കുന്ന സ്വർണം സുരക്ഷിതമായി ഇവർ പുറത്തെത്തിക്കും. എയർപോർട്ട് ജീവനക്കാരെ മാത്രമല്ല, കസ്റ്റംസ് ഉദ്യോഗസ്ഥരെപ്പോലും സ്വർണക്കടത്തുകാർ വലയിലാക്കിയിട്ടുണ്ട്. അടുത്തിടെ നെടുമ്പാശേരിയിൽ കസ്റ്റംസ് ഹെഡ് ഹവിൽദാറാണ് സ്വർണക്കടത്തിന് പിടിയിലായത്.
455 ശതമാനം വർദ്ധനയാണ് വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസുകളിൽ 1102 കേസുകളിലായി 417.49 കിലോ സ്വർണം വിമാനത്താവളങ്ങളിൽ പിടിച്ചു
വിമാനത്താവളത്തിൽ കസ്റ്റംസ് ഇന്റലിജൻസ് യൂണിറ്റുണ്ടെങ്കിലും കാര്യമായ രഹസ്യാന്വേഷണമൊന്നുമില്ല. ഒറ്റുമ്പോൾ മാത്രമാണ് മിക്കപ്പോഴും സ്വർണം പിടികൂടുന്നത്. ബെൽറ്റിന്റെ ബക്കിളായും ട്രോളിബാഗിന്റെ ഫ്രെയിമായും മോട്ടോറുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും അകവശത്ത് ഉരുക്കിയൊഴിച്ചും വെൽഡ് ചെയ്ത് പിടിപ്പിച്ചും പ്രിന്റർ, എമർജൻസി ലൈറ്റ്, വാതിൽ ലോക്ക്, കാർ വാഷ് ക്ലീനർ, സെൽഫി സ്റ്രിക്ക് എന്നിവയിലെല്ലാം ഉരുക്കിയൊഴിച്ചുമാണ് സ്വർണം കടത്തുന്നത്. പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ ഇതിനു മുകളിൽ സിൽവർ പെയിന്റ് അടിക്കും. അല്ലെങ്കിൽ കറുത്ത കട്ടിക്കടലാസിൽ പൊതിയും. ഇങ്ങനെ സ്കാനറുകളുടെ വരെ കണ്ണുവെട്ടിക്കാനാവും. സ്ത്രീകളടക്കമുള്ള സ്ഥിരം കാരിയർമാരുണ്ട്. വൻ ജുവലറികൾക്ക് ആഭരണങ്ങളുണ്ടാക്കി നൽകുന്നവർക്കായാണ് സ്വർണക്കടത്തെന്നത് പരസ്യമായ രഹസ്യം.
വിദേശത്ത് ആറുമാസം താമസിച്ചവർക്ക് 10 ശതമാനം നികുതിയടച്ച് ഒരു കിലോ സ്വർണം വരെ കൊണ്ടുവരാം. 2.35ലക്ഷം രൂപയാണ് നികുതി. ആറുമാസം വിദേശത്ത് താമസിക്കാത്തവർക്ക് സ്വർണം കൊണ്ടുവരാൻ 36ശതമാനം നികുതിയടയ്ക്കണം. മറ്റു ലോഹങ്ങൾ ചേർക്കാത്ത 24 കാരറ്റിന്റെ തനിതങ്കമാണ് വിദേശത്തുനിന്ന് കടത്തുന്നത്. ഒരുകിലോ സ്വർണത്തിന് 28ലക്ഷം രൂപ വിലവരും. ഇത് മറ്റു ലോഹങ്ങൾ ചേർത്ത് ആഭരണങ്ങളാക്കുമ്പോൾ വില 50ലക്ഷംവരെ ഉയരും. ഒരുകോടിയിലധികം വിലയുള്ള സ്വർണം കടത്തിയാലേ റിമാൻഡ് സാദ്ധ്യമാവൂ. 20ലക്ഷത്തിലധികമുള്ള സ്വർണക്കടത്തിനേ അറസ്റ്റ് പോലും പാടുള്ളൂ. അല്ലെങ്കിൽ പിഴയൊടുക്കിയാൽ മതി. ഒരുകിലോ സ്വർണം കടത്തിക്കൊണ്ടുവന്നാൽ 2.75ലക്ഷം മുതൽ 3.50 ലക്ഷം വരെ കൈയിലിരിക്കും. കാരിയർമാർക്ക് 50,000രൂപയും ടിക്കറ്റും മാത്രം. ഇതാണ് സ്വർണക്കടത്ത് ആകർഷകമാക്കുന്നത്.
സ്വർണം തേനിലും മട്ടൺ കറിയിലും
തേനിലും ഗ്രീസിലും പാൽപ്പൊടിയിലും ഉരുക്കിയൊഴിച്ചും ബ്രായുടെ ഹുക്കാക്കിയും സ്വർണം കടത്തുന്നുണ്ട്. ഈന്തപ്പഴത്തിനൊപ്പം ഒളിപ്പിച്ചുകടത്തിയ ഒന്നേകാൽകിലോ സ്വർണം ജനുവരിയിൽ തിരുവനന്തപുരത്ത് പിടിച്ചിരുന്നു. മട്ടൺകറിയിലെ ഇറച്ചിയുടെ എല്ലുകൾക്കുള്ളിൽ ഒളിപ്പിച്ച 146ഗ്രാം സ്വർണം നെടുമ്പാശേരിയിലാണ് പിടിച്ചത്. സ്വർണബിസ്കറ്റുകൾ രൂപമാറ്റം വരുത്തുന്ന കേന്ദ്രങ്ങൾ ദുബായിലുണ്ട്.