തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായാണ് വോട്ട് ചെയ്യുന്നതെങ്കിലും ജനാധിപത്യത്തിൽ ഓരോ വോട്ടും വിലപ്പെട്ടതാണെന്ന് ജനങ്ങളെ ഓർമ്മിപ്പിക്കാൻ ട്രാൻസ്ജെൻഡേഴ്സ് ഒരുങ്ങിക്കഴിഞ്ഞു. നഗര മദ്ധ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലാണ് ജനാധിപത്യത്തിന് പുതിയ മുഖം സമ്മാനിച്ച് ട്രാൻസ്ജെൻഡേഴ്സിന്റെ നേതൃത്വത്തിൽ വോട്ടിംഗ് ബോധവത്കരണ പവലിയൻ തുറന്നിരിക്കുന്നത്.
സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിനു സമീപം തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ച പവലിയന്റെ ഉദ്ഘാടനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർവഹിച്ചു. ഇതുവരെ സംസ്ഥാനത്ത് 174 ട്രാൻസ്ജെൻഡേഴ്സ് വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ട്. ഇവർക്കും മറ്റുള്ള വോട്ടർമാർക്കുമുള്ള സംശയങ്ങൾക്ക് പവലിയനിൽ നിന്നും മറുപടി ലഭിക്കും. സാമൂഹ്യനീതി വകുപ്പിന് കീഴിൽ ട്രാൻസ്ജെൻഡേഴ്സ് സെല്ലിൽ പ്രോജക്ട് അസിസ്റ്റന്റായി പ്രവർത്തിക്കുന്ന ശ്യാമ എസ്. പ്രഭ, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ശ്രുതി സിത്താര, പ്രസ് ക്ലബിലെ ജേർണലിസം വിദ്യാർത്ഥിനി ഹെയ്ദി സാദിയ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 6വരെയാണ് പവലിയന്റെ പ്രവർത്തനം. ട്രാൻസ്ജെൻഡേഴസ് സമൂഹത്തിലെ മറ്റുള്ളവരും ഓരോ ദിവസവും പവലിയനിൽ എത്തും.
ശ്യാമയെയും ശ്രുതിയെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായാണ് നിയോഗിച്ചിരിക്കുന്നത്. ഈ മാസം 22വരെയാണ് പ്രവർത്തനം. ഇവർക്കാവശ്യമായ നിർദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നു നൽകിയിട്ടുണ്ട്. സംശയനിവാരണത്തിനായി പ്രത്യേക ഹാൻഡ് ബുക്കും നൽകിയിട്ടുണ്ട്. വോട്ടവകാശം ലഭിച്ച സന്തോഷത്തിൽ വോട്ടിംഗ് ദിനത്തിനായി കാത്തിരിക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് പുതിയ ചുമതലയേറ്റെടുക്കാനുള്ള നിർദേശം ലഭിച്ചതെന്ന് ശ്യാമയും കൂട്ടുകാരും പറഞ്ഞു. സമൂഹത്തിൽ കരുത്തോടെ മുന്നോട്ട് ജീവിക്കാനുള്ള പ്രതീക്ഷയും ഊർജവുമാണ് ഇതിലൂടെ ലഭിച്ചതെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പ് ഗീതം, ബന്ധപ്പെട്ട ചിത്രങ്ങൾ, തുടങ്ങിയവ ഇവിടെ പ്രദർശിപ്പിക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, വിവിപാറ്റ് തുടങ്ങിയവ സംബന്ധിച്ച സംശയങ്ങളും ദൂരീകരിക്കും.
ട്രാൻസ്ജെൻഡേഴ്സ് സമൂഹം ഒന്നാകെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകണമെന്നും ജനാധിപത്യത്തിൽ ഇവരും അഭിവാജ്യ ഘടകമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. ഈ സമൂഹത്തിന് ആദ്യമായാണ് വോട്ടവകാശം ലഭിച്ചിരിക്കുന്നത്. ട്രാൻസ്ജെൻഡേഴ്സിനോടൊപ്പം ഭിന്നശേഷിക്കാരും ആദിവാസികളുമെല്ലാം വോട്ടിംഗിൽ പങ്കാളികളാകണം. സമൂഹത്തിൽ ഇവരോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ടിക്കാറാം മീണ