തിരുവനന്തപുരം: 'കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ ചാർത്തി....." ഐശ്വര്യവും സമൃദ്ധിയും വിളിച്ചോതുന്ന വിഷു ഇങ്ങെത്തിക്കഴിഞ്ഞു. കണികണ്ടും കൈനീട്ടം വാങ്ങിയും പടക്കം പൊട്ടിച്ചുമല്ലാതെ മലയാളിക്കെന്ത് വിഷു ആഘോഷം. ഇത്തവണത്തെ വിഷുവിന് തിരഞ്ഞെടുപ്പ് ചൂടുണ്ടെങ്കിലും നഗരത്തിലെ വിഷു വിപണി ഇതുവരെ ഉണർന്നിട്ടില്ല.
വിഷുവിനെ വരവേൽക്കാൻ നേരത്തേ പൂത്തുനിന്ന കണിക്കൊന്ന പൂക്കളൊക്കെ കടുത്ത വേനലിൽ കൊഴിഞ്ഞതും ഇത്തവണത്തെ വിഷുവിന് നിരാശയായി. വിഷുവിന് ഒരു ദിവസം മാത്രം ശേഷിക്കേ ഇന്നും നാളെയുമായെങ്കിലും വിപണി ഉണരുമെന്ന ചാല മാർക്കറ്റിലെ കച്ചവടക്കാർ. കണിയൊരുക്കാനുള്ള കൃഷ്ണ വിഗ്രഹവും കൃത്രിമ കൊന്ന പൂക്കളും കണി വെള്ളരിയും പടക്കങ്ങളുമൊക്കെ വിപണിയിലെത്തിയെങ്കിലും പതിവിന് വിപരീതമായി കച്ചവടം തീരെ ഇല്ലെന്നും പറങ്കിമാങ്ങകൾ ഇത്തവണ തീരെ കിട്ടാനില്ലെന്നും കച്ചവടക്കാർ പറയുന്നു.
പടക്ക കടകളും വിഷുക്കോടി കച്ചവടത്തിനായി തുണിക്കടകളും വിഷു സ്പെഷ്യൽ പലഹാരങ്ങളുമായി ബേക്കറികളും നഗരത്തിൽ ഒരുങ്ങിക്കഴിഞ്ഞു. പടക്കങ്ങൾക്കും തുണിത്തരങ്ങൾക്കും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില വർദ്ധിച്ചിട്ടുമുണ്ട്. കിലോയ്ക്ക് 20രൂപ മുതൽ വിലവരുന്ന കണിവെള്ളരിയാണ് വിഷു വിപണിയിലെ മറ്റൊരു പ്രധാന ഇനം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡരികുകളിൽ കൃഷ്ണപ്രതിമകളുമായി അന്യസംസ്ഥാനക്കാരും എത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം കണിക്കൊന്നക്കച്ചവടവും വിഷുത്തിരക്കും നഗരത്തിൽ സജീവമാകുമെന്നാണ് പ്രതീക്ഷയെന്ന് ചാലമാർക്കറ്റിലെ കച്ചവടക്കാരനായ സന്തോഷ് പറയുന്നു.
കൃത്രിമ കൊന്നപ്പൂവും കൃഷ്ണ വിഗ്രഹവും
നഗരത്തിലെ ഗിഫ്റ്റ് കടകളുടെയും സ്റ്റാളുകളുടെയും മുന്നിലാണ് ദിവസങ്ങൾക്ക് മുൻപേ തന്നെ കൃഷ്ണവിഗ്രഹങ്ങളും കൃത്രിമ കണിക്കൊന്നകളും സ്ഥാനം പിടിച്ചത്. നേരത്തേ പൂത്ത കണിക്കൊന്നകൾ വേനൽച്ചൂടിൽ കൊഴിഞ്ഞതോടെ തുണികളിലും പ്ളാസ്റ്റിക്കുകളിലും തീർത്ത കൃത്രിമ കൊന്നപ്പൂക്കളാണ് വിപണിയിലുള്ളത്. പ്ലാസ്റ്റർ ഒഫ് പാരിസിലും ഫൈബറിലും, മരത്തിലും, മാർബിളിലും തീർത്ത വിവിധ വലിപ്പത്തിലും നിറത്തിലുമുള്ള കൃഷ്ണവിഗ്രഹങ്ങൾക്ക് 200രൂപ മുതൽ 3000രൂപ വരെയാണ് വില. വിലക്കുറവ് കാരണം പ്ലാസ്റ്റർ ഒഫ് പാരിസിൽ തീർത്ത വിഗ്രഹങ്ങൾക്കാണ് ആവശ്യക്കാർ ഏറെയും.
പടക്കക്കടകളും റെഡി
വിഷു അടുത്തതോടെ പടക്കക്കടകളും നഗരത്തിൽ റെഡിയായിക്കഴിഞ്ഞു. 10 രൂപ മുതൽ 10,000 രൂപ വരെയുള്ള പടക്കങ്ങളാണ് വിപണിയിലുള്ളത്. ഫാൻസി പടക്കങ്ങൾക്ക് 30രൂപ മുതൽ 3000 രൂപവരെയാണ് വില. മാലപ്പടക്കം, പുലിമുരുകൻ, ഒടിയൻ എന്നിവയ്ക്ക് പുറമേ ചൈനീസ് പടക്കങ്ങളും വിപണി കീഴടക്കാൻ എത്തിയിട്ടുണ്ട്. എല്ലാ തരത്തിലുള്ള പടക്കങ്ങളും അടങ്ങിയ 1000 രൂപയുടെ ഗിഫ്റ്റ് ബോക്സുകളും ലഭ്യമാണ്. കൈ പൊള്ളുകയോ ചൂടേൽക്കുകയോ ചെയ്യാത്ത കൂൾ ഫയറുകളാണ് ഇത്തവണത്തെ പടക്കവിപണിയിലെ താരം. ശിവകാശിയിൽ നിന്ന് ഇറക്കുമതി ചെയ്ത പടക്കങ്ങളാണ് വിപണിയിലേറെയും.
വിഷുക്കോടി
വിഷുക്കോടി വിൽക്കുന്നതിനായി നഗരത്തിലെ തുണിക്കടകളും ഒരുങ്ങി. കസവിനോടാണ് വിഷുക്കോടിയിൽ മലയാളികൾക്ക് പ്രിയം. കസവിന്റെ വൈവിദ്ധ്യം തന്നെയാണ് നഗരത്തിലെ തുണിക്കടകളിലേറെയും. 400രൂപ മുതലുള്ള മുണ്ടും ഷർട്ടും, 500രൂപ മുതലുള്ള പാവാടയും ബ്ലൗസും, 650രൂപ മുതലുള്ള സാരികളുമാണ് വിപണിയിലുള്ളത്. ചില തുണിക്കടകളിൽ വൻ ഓഫറുകളും 50ശതമാനം വരെ വില കിഴിവുമുണ്ട്.
ഇത്തവണ വിപണയിൽ തിരക്ക് തീരെയില്ല. ഇന്നും നാളെയുമായി വിഷു വിപണി സജീവമാകുമെന്നാണ് പ്രതീക്ഷ. വേനൽ കടുത്തതോടെ
ഉച്ചയ്ക്ക് ശേഷമാണ് ആൾക്കാർ സാധനങ്ങൾ വാങ്ങാൻ എത്തുന്നത്.
കണ്ണൻ
ചാല മാർക്കറ്റിലെ
കച്ചവടക്കാരൻ