തിരുവനന്തപുരം : ഉദ്യോഗസ്ഥരെല്ലാം തിരഞ്ഞെടുപ്പ് ജോലികളുടെ തിരക്കിലായതോടെ പരിശോധനങ്ങൾ നിലച്ച തക്കം നോക്കി നഗരത്തിൽ അനധികൃത നിർമ്മാണങ്ങൾ തകൃതി. റോഡും ജലാശയങ്ങളും കൈയേറിയുമുള്ള നിർമ്മാണങ്ങളാണ് കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ നഗരത്തിൽ പെരുകിയിരിക്കുന്നത്.
മുമ്പ് തിരഞ്ഞെടുപ്പ് കാലത്തും സമാനമായ അനധികൃത നിർമ്മാണങ്ങൾ നടത്തിയിട്ടുണ്ട്. നിർമാണങ്ങൾ പൂർത്തിയാക്കിയ ശേഷം അദാലത്തിലൂടെ റെഗുലറൈസ് ചെയ്യുകയാണ് പതിവ്. ഇത് വ്യാപക അഴിമതിക്ക് വഴിയൊരുക്കാറുണ്ട്. കടകംപള്ളി, വട്ടിയൂർക്കാവ് സോണലുകൾക്ക് കീഴിലും മെയിൻ ഓഫീസിന് കീഴിലും വ്യാപക നിർമാണങ്ങൾ പുരോഗമിക്കുന്നുവെന്ന പരാതിയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
ദേവസ്വംബോർഡ് പൈപ്പ് ലൈൻ റോഡ്, സ്റ്റാച്യു, കോൺവെന്റ് റോഡ് തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് നിർമാണം പൊടിപൊടിക്കുന്നത്. റോഡിൽ നിന്ന് രണ്ട് മീറ്റർ വിടേണ്ടിടത്ത് ഒന്നര മീറ്ററും ആറുമീറ്റർ വിടേണ്ടിടത്ത് മൂന്ന് മീറ്ററും ഒക്കെ സ്വന്തമായി ക്രമീകരിച്ചാണ് നിർമാണങ്ങൾ നടക്കുന്നത്. വാസഗൃഹങ്ങൾ, വാണിജ്യസ്ഥാപനങ്ങൾ, ഫ്ളാറ്റുകൾ തുടങ്ങിയവ ഇതിൽ പെടും. നിയമപരമായി സമീപിച്ചാൽ നിർമ്മാണ അനുമതി ലഭിക്കില്ലെന്ന് അറിയാവുന്ന ചില വൻകിട കോൺട്രാക്ടർമാരുടെ ഒത്താശയോടെയാണ് തിരഞ്ഞടുപ്പ് കാലത്ത് അനധികൃത നിർമ്മാണം നടക്കുന്നതെന്നാണ് ആക്ഷേപം. അനധികൃത നിർമാണങ്ങൾ തടയാൻ ചുമതലയുള്ള നരസഭാ വിജിലൻസ് വിഭാഗം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്. നിർമ്മാണം പൂർത്തിയായ ശേഷം പരാതി ഉണ്ടായാൽ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് ഒതുക്കി തീർക്കാറുണ്ടെന്നും ആക്ഷേപമുണ്ട്.
അനധികൃത നിർമ്മാണങ്ങൾ പതിവ്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തും നഗരത്തിൽ അനധികൃത നിർമ്മാണങ്ങൾ നടന്നിരുന്നു. ഇത്തരം നിർമാണങ്ങൾക്കെതിരെ ആൾ കേരള ബിൽഡിംഗ് ഡിസൈനേഴ്സ് ഓർഗനൈസേഷൻ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. പരിശോധന കൃത്യമായി നടത്തണമെന്നും തിരഞ്ഞെടുപ്പുമായി കൂട്ടിക്കുഴയ്ക്കരുതെന്നും അന്ന് കമ്മിഷൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇക്കുറിയും അത് ഉണ്ടായില്ല. ഇതോടെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഓർഗനൈസേഷൻ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ ഒരുങ്ങുകയാണ്. പരിശോധന നടേത്തണ്ട ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആയതിനാൽ ശ്രദ്ധ പതിയില്ലെന്ന് മനസിലാക്കിയാണ് ഒരു സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.
അനധികൃത നിർമ്മാണങ്ങൾ സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടില്ല. അനധികൃതർ നിർമ്മാണങ്ങൾ പൂർത്തിയാക്കിയാലും അത് അംഗീകരിക്കില്ല. പരിശോധനകൾക്കായി ഇന്നു മുതൽ പ്രത്യേക സ്ക്വാഡിനെ സജ്ജമാക്കും.
- വി.കെ.പ്രശാന്ത്, മേയർ