തിരുവനന്തപുരം: ഏത് ഉയരത്തിൽ വേണമെങ്കിലും കയറി തീകെടുത്താം, എത്ര താഴ്ചയുള്ള ജലാശയത്തിലിറങ്ങി വേണമെങ്കിലും ആളുകളെ പുറത്തെത്തിക്കാം പക്ഷേ ജീവൻ രക്ഷിക്കാൻ മാത്രം പറയരുത്. അതിനുള്ള സംവിധാനമുള്ള ആംബുലൻസ് പോലും ഞങ്ങളുടെ പക്കലില്ല. ആകെയുള്ള ആംബുലൻസിലാണെങ്കിൽ പഴകി ദ്രവിച്ചൊരു ഇരുമ്പ് സ്ട്രെക്ച്ചർ മാത്രമാണുള്ളത്. ഇതാണ് തലസ്ഥാനത്തെ ഫയർഫോഴ്സ് സ്റ്റേഷനുകളുടെ കഴിഞ്ഞ പത്ത് വർഷമായുള്ള അവസ്ഥ.
നഗരത്തിലെ പ്രധാന അഗ്നിശമന യൂണിറ്റുകളായ ചാക്കയിലും ചെങ്കിൽചൂളയിലും ആകെയുള്ളത് ഓരോ ആംബുലൻസ് വീതമാണ്. തലസ്ഥാനത്തെ കൺട്രോൾ റൂം ഉൾപ്പെടെ പ്രവർത്തിക്കുന്ന പ്രധാന സ്റ്റേഷനായ ചെങ്കൽചൂളയിൽ ആകെയുള്ളത് ഒരു ആംബുലൻസാണ്. പതിനഞ്ച് വർഷത്തിലേറെ പഴക്കമുള്ള ആംബുലൻസിന്റെ ബലത്തിലായിരുന്നു വർഷങ്ങളായി ചെങ്കൽചൂള ഫയർ സ്റ്റേഷന്റെ പ്രവർത്തനം. എന്നാൽ കട്ടപ്പുറത്തായ വണ്ടിയെക്കുറിച്ച് സ്ഥിരം പരാതിയായതോടെ പഴയ ആംബുലൻസിനെ വിഴിഞ്ഞം സ്റ്റേഷന് കൈമാറി പകരം ഒരു ആംബുലൻസ് അധികൃതർ അനുവദിച്ചു. സെക്രട്ടേറിയറ്റ് അടക്കം നൂറിലേറെ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയിലെ ഫയർ സ്റ്റേഷനിൽ ഒരു ആംബുലൻസ് കൊണ്ട് എന്ത് രക്ഷാപ്രവർത്തനം നടത്താനാണെന്നാണ് ഫയർമാന്മാർ ചോദിക്കുന്നത്.
ചാക്ക ഫയർസ്റ്റേഷനിലെ ആംബുലൻസിന് പത്ത് വർഷത്തിലേറെ പഴക്കമുണ്ട്. വർഷം തോറും ഫിറ്റ്നസ് നടത്തി ഒരു വിധം നിരത്തിലിറക്കുമെന്നല്ലാതെ ജീവൻ രക്ഷയ്ക്കുവേണ്ടിയുള്ള യാതൊരു സംവിധാനവും ഈ പഴയ മോഡൽ ആംബുലൻസിലില്ല. നിലവിൽ മൃതദേഹങ്ങൾ കൊണ്ടുപോകാൻ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. ജനസാന്ദ്രതയേറിയ നഗരത്തിൽ അപകടങ്ങൾ നിത്യസംഭവമാണ്.
വാഹനാപകടം, തീപിടിത്തം, കിണറ്റിലോ കയത്തിലോ വീഴ്ച തുടങ്ങി ദിവസം പത്തിലേറെ അത്യാഹിത അറിയിപ്പുകളാണ് ഇവിടങ്ങളിൽ വരാറുള്ളതെന്ന് അധികൃതർ പറയുന്നു. അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന ഫോൺകാളിന്റെ പിന്നാലെ ആംബുലൻസുമായാണ് സേന പുറപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ ചുരുങ്ങിയത് അഞ്ച് പ്രാവശ്യമെങ്കിലും ആംബുലൻസ് സേവനവും ഇതിന് ആവശ്യമായി വരാറുണ്ടെന്ന് അധികൃതർ പറയുന്നു. അപകടസ്ഥലത്ത് ചെന്ന് രക്ഷാപ്രവർത്തനത്തിനുശേഷം ജീവനുമായി മല്ലിടുന്നയാളെ ആംബുലൻസിൽ കയറ്റുമ്പോഴാണ് വാഹനത്തിന്റെ പോരായ്മ ശരിക്കും മനസിലാവുക.
ട്രാഫിക് കുരുക്കുകളിൽ പെടാതെ പോകാനുള്ള സൈറനുകളോ ബീക്കൻലൈറ്റുകളോ പോലും ആംബുലൻസുകളിലില്ല. അപകടത്തിൽപ്പെട്ടയാൾക്ക് പ്രാഥമിക ശുശ്രൂഷ നൽകാനായി ഓക്സിജൻ സിലിണ്ടറോ മാസ്കോ പോലും ഇല്ല. എന്തിനേറെ പറയുന്നു മുറിവു വച്ചുകെട്ടാൻ ഒരു ഫസ്റ്റ് എയ്ഡ് ബോക്സുപോലുമില്ല. 108 ആംബുലൻസുകളോ നാട്ടുകാരുടെ വാഹനങ്ങളെയോ ആണ് പ്രതിസന്ധി ഘട്ടത്തിൽ ആശ്രയിക്കുന്നതെന്ന് അധികൃതർ പറയുന്നു.
അത്യാധുനിക ജീവൻ രക്ഷാ ഉപകരണങ്ങൾ അടക്കമുള്ള സംവിധാനങ്ങളടങ്ങിയ ആംബുലൻസുകൾ ഗ്രാമ പ്രദേശങ്ങളിൽ പോലുമുള്ളപ്പോഴാണ് നഗരത്തിലെ ഫയർഫോഴ്സിന്റെ ഈ ദാരിദ്ര്യം. അടുത്തിടെ ഫയർഫോഴ്സുകൾക്ക് ആംബുലൻസ് അനുവദിച്ചിരുന്നെങ്കിലും തലസ്ഥാന ജില്ലയ്ക്ക് ഒന്നുപോലും കിട്ടിയില്ല. സ്വന്തമായി ആംബുലൻസില്ലാത്ത കഴക്കൂട്ടം ഫയർസ്റ്റേഷനെ പോലും ഇതിനായി പരിഗണിച്ചില്ലെന്നും അധികൃതർ പറയുന്നു.