തിരുവനന്തപുരം: കൊടുവെയിലിൽ കരിഞ്ഞുണങ്ങിയ കനകക്കുന്നിലെ പുൽത്തകിടിയെ കുളിരണിയിക്കാൻ കനകക്കുന്നിലെ കുളം വൃത്തിയാക്കുന്നു. പുൽത്തകിടി നനയ്ക്കാൻ വെള്ളം എടുത്തിരുന്ന കനകക്കുന്നിലെ കുളം ഉപയോഗശൂന്യമായതിനാലാണ് ഇത്തവണത്തെ വേനലിൽ കനകക്കുന്ന് തരിശുനിലമാകാൻ കാരണം.
രാജഭരണകാലം മുതലുള്ള ഭീമൻ കുളമാണ് അധികൃതരുടെ അനാസ്ഥ കാരണം ചെളി മൂടി നശിച്ചത്. അൻപത് സെന്റിലാണ് കുളം നിലനിൽക്കുന്നത്. കുളം പഴയ പടിയാക്കാനുള്ള നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പുനരുദ്ധരണത്തിന്റെ ആദ്യ പടിയായി ഉറവ കൂടുതൽ വിപുലമാക്കാൻ ചെളി വാരി കുളം വൃത്തിയാക്കുകയാണ്. ഇതിലൂടെ കുളത്തിൽ വെള്ളം എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കുളത്തിന്റെ ഇടിഞ്ഞ പടവുകൾ കെട്ടി സംരക്ഷിക്കാനും അധികൃതർ തീരുമാനിച്ചു. ഇനിയും ഒരാഴ്ച കൂടി കഴിഞ്ഞാലേ കുളം പൂർണമായും വൃത്തിയാക്കാൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ വേനലിന് മുൻപ് കുളം വൃത്തിയാക്കിയിരുന്നെങ്കിൽ പുൽത്തകിടി നശിക്കില്ലായിരുന്നു. ലക്ഷങ്ങൾ മുടക്കി നവീകരണത്തിന്റെ ഭാഗമായാണ് ടൂറിസം വകുപ്പിന് കീഴിലുള്ള കനകക്കുന്നിൽ പുൽത്തകിടി ഒരുക്കിയത്. എന്നാൽ ഏക്കറുകണക്കിന് സ്ഥലം ഇപ്പോൾ മരുഭൂമി പോലെയായി. രണ്ടാഴ്ചയിലധികമായി പുൽത്തകിടി നനയ്ക്കുന്നില്ല. പുൽനാമ്പുകളുടെ ലക്ഷണം പോലും കാണാനില്ല. കനകക്കുന്ന് കൊട്ടാരത്തിലെ കുടിവെള്ള ആവശ്യത്തിന് വാട്ടർ അതോറിറ്റി പൈപ്പ് കണക്ഷൻ ഉണ്ട്. അതിൽ നിന്നും പുൽത്തകിടി നനയ്ക്കാൻ സാദ്ധ്യമല്ലാത്തതും പ്രശ്നമായി. ഒരു ദിവസം 2 ലക്ഷം ലിറ്റർ വെള്ളം വേണ്ടിവരും.
വേനലിൽ വെള്ളത്തിന് നിയന്ത്രണംഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഇത്രയും വെള്ളം കിട്ടാൻ തന്നെ പ്രയാസമാണെന്ന് അധികൃതർ പറയുന്നു. വേനൽ കടുത്തതോടെ ഇത് നനയ്ക്കാൻ മുട്ടത്തറ സ്വീവേജ് പ്ലാന്റിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന വെള്ളം ടാങ്കറിൽ എത്തിച്ചിരുന്നെങ്കിൽ പുല്ലുകൾ നശിക്കില്ലായിരുന്നുവെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. പരിപാലനത്തിലെ അനാസ്ഥയും വേനൽ മുൻകൂട്ടി കണ്ട് മറ്റു സൗകര്യങ്ങൾ ഒരുക്കാത്തതുമാണ് പച്ചപ്പ് കരിയാൻ കാരണമായത്. മൂന്നു വർഷം മുൻപ് സമാനമായ രീതിയിൽ നശിച്ച പുൽത്തകിടി വീണ്ടും വച്ചു പിടിപ്പിക്കുകയായിരുന്നു.